പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ഗുണ്ടകളെ വിട്ട ആദ്യ മുഖ്യമന്ത്രി; പിണറായിയെ വിമര്‍ശിച്ച് വി.ഡി സതീശന്‍

പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് വി ഡി സതീശന്‍.

ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ വിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പതിനായിരം പൊലീസിന്റെ സംരക്ഷണം തേടുന്ന പിണറായിയല്ല താനെന്നും ഗുണ്ടകളെ വിട്ടാല്‍ പേടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടകളെ വിട്ട് വിരട്ടാന്‍ നോക്കണ്ട. ഞങ്ങള്‍ വിരളില്ല, മുഖ്യമന്ത്രിയേ വിരളൂവെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്റെ വീട്ടിലേയ്ക്ക് ആളെ പറഞ്ഞ് വിടാന്‍ താന്‍ ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തിയതെന്നും സതീശന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ കയറിയവര്‍ക്ക് ജാമ്യം നല്‍കുകയാണ്. അതേസമയം സര്‍ക്കാറിനെതിരെ സമരം ചെയ്തവരെ തുറുങ്കില്‍ അടക്കുന്നു. ഇത് ഇരട്ടനീതിയാണെന്നും വി ഡി സതീശന്‍ കുറ്റുപ്പെടുത്തി.

സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടമാണ് തൊടുപുഴയില്‍ നടന്നത്. സിപിഎം ഗുണ്ടകളാണ് ആക്രമണം നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടി ഗുണ്ടാ രാജ് നടപ്പിലാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. വിമാനത്തിലെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കള്ള പരാതിയാണ് നല്‍കിയിരിക്കുന്നതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *