സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ

തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിംഗ് കോളജുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ അണി നിരത്തി ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷ പരിപാടിയുമായി കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്ക്). മ്യൂഓണം എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് (ബുധന്‍) ആരംഭിക്കും. ട്രാവന്‍കൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു സോണുകളായി തിരിച്ച് വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ മത്സരങ്ങളാണ് ഈ പരിപാടിയുടെ ഭാഗമായി നടക്കുന്നത്. ഡിജിറ്റല്‍ ആര്‍ട്ട്, ഇന്‍സ്റ്റാഗ്രാം റീല്‍സ്, കോഡ് എ പൂക്കളം തുടങ്ങിയ മത്സര ഇനങ്ങളും ഉണ്ട്. ചാമ്പ്യന്‍ഷിപ്പ് നേടുന്ന മേഖലയ്ക്ക് പുറമെ, വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍, കോളജുകള്‍, ജില്ലകള്‍ എന്നിവയ്ക്കും ക്യാഷ് അവാര്‍ഡ് നല്‍കും. എല്ലാ പരിപാടികളും പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

‘കല, സംസ്‌കാരം, പഠനം എന്നിവയുടെ സംയോജനമാണ് മ്യു ഓണം. കോഡിംഗും ഹാക്കിംഗ് കഴിവുകളും മെച്ചപ്പെടുത്താനും പൊതു അവബോധ സൃഷ്ടിക്കാനും സഹായിക്കുന്ന നവീന മത്സര ഇനങ്ങളാണ് മ്യൂ ഓണത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് ജിടെക്കിന്റെ അക്കാദമി ആന്‍ഡ് ടെക്‌നോളജി ഫോക്കസ് ഗ്രൂപ്പ് കണ്‍വീനറും പരിപാടിയുടെ മുഖ്യ സംഘാടകനുമായ ദീപു എസ് നാഥ് പറഞ്ഞു. ‘സാഹചര്യത്തിനൊത്തു മാറാനും അതിനോട് പൊരുത്തപ്പെടാനും നമുക്ക് കഴിയുമെന്ന് കോവിഡ് 19 തെളിയിച്ചിട്ടുണ്ട്. ഇത് തിരിച്ചുവരവിനുള്ള സമയമാണ്, യുവാക്കള്‍ മാറ്റത്തിന് നേതൃത്വം നല്‍കും. ഓണത്തിന്റെ മനോഹാരിതയും വികാരങ്ങളും നഷ്ടപ്പെടാതെ ആഘോഷങ്ങള്‍ നടത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട കേരളം, അദ്ദേഹം പറഞ്ഞു. യുവജന കൂട്ടായ്മകളായ കൈറ്റ്‌സ് ഫൗണ്ടേഷനും ടിങ്കര്‍ ഹബുമാണ് മത്സര പരിപാടികള്‍ നയിക്കുന്നത്.

കോവിഡ് കാരണം കോളജുകള്‍ അടഞ്ഞു കിടക്കുന്നിനാല്‍ ഇതുവരെ പരസ്പരം കാണാനോ സാമൂഹിക ഇടചേരലിന് അവസരം ലഭിക്കാത്തവരുമായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂഓണം വേറിട്ട അനുഭവമാകും. എഞ്ചിനീയറിങ് പഠനം രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിട്ടും ഇതുവരെ മിക്ക സഹപാഠികളെയും കണ്ടിട്ടില്ലാത്ത തനിക്ക് മ്യൂ ഓണം മികച്ച അവസരമാകുമെന്ന് പാലക്കാട് ഗവ. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് പറയുന്നു. സാമൂഹിക എക്‌സ്‌പോഷറും ഇടപെടലുകളും ഞങ്ങള്‍ക്ക് പരിമിതമാണ്. മറ്റ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാനും മത്സരിക്കാനും സഹകരിക്കാനുമുള്ള അവസരമാണിത്. ഈ പരീക്ഷണ ഘട്ടത്തില്‍ ഇത് വലിയ ആശ്വാസമായിരിക്കും-ഏഞ്ചല്‍ റോസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *