രാഘവേട്ടൻ്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് ഫെഡറൽ ബാങ്ക് ജീവനക്കാർ


കോഴിക്കോട്: സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് രാഘവേട്ടനും ഭാര്യയും മകൾ ഏഴ് വയസുകാരി ജാൻവിയും.


സ്വപ്ന ഭവനം പൂർത്തീകരിക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തീർത്ത നാളുകളിൽ ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഓഫീസിലെ ജീവനക്കാരായിരുന്നു കൈത്താങ്ങുമായി എത്തിയത്. എന്നും പ്രസന്നമായ മുഖത്തോടുമാത്രം കണ്ടിരുന്ന രാഘവേട്ടൻ്റെ സ്വപ്നമായ വീടെന്ന ആവശ്യം തിരിച്ചറിഞ്ഞപ്പോൾ 150 പേരടങ്ങിയ ഒരു കൂട്ടായ്മ രൂപീകരിച്ചു. അതിൽ കോഴിക്കോട്  ഫെഡറൽ ടവർസിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും മുൻപ് ജോലി ചെയ്തവരും, വിരമിച്ചവരും ഉണ്ടായിരുന്നു.

online news portal

പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ഏകദേശം 14 ലക്ഷത്തോളം രൂപ ചെലവിട്ട്, മാസങ്ങൾക്കുള്ളിൽ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടി 850 ചതുരശ്ര അടിയുള്ള വീടിന്റെ നിർമാണം പൂർത്തിയായി. ഫെഡറൽ ബാങ്ക് സ്ഥാപക ചെയർമാൻ കെ പി ഹോർമിസിന്റെ ജന്മദിനമായ ഒക്ടോബർ 18-ന് ആരംഭിച്ച പദ്ധതി ആറു മാസത്തിനകം പൂർത്തിയായി.

പണി കഴിഞ്ഞ വീടിന്റെ താക്കോൽദാനം ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ മേധാവി സുതീഷ് എ നിർവഹിച്ചു.

കേവലം ദൈനംദിന ബാങ്കിങ് പ്രവർത്തനങ്ങൾക്കുപരി, സമൂഹത്തിലെ അർഹരായവരെ ചേർത്തുനിർത്തുന്ന സ്നേഹത്തിന്റെ സംസ്കാരമാണ് വിരമിച്ചവർ ഉൾപ്പെടെയുള്ള ഫെഡറൽ ബാങ്ക് ജീവനക്കാർ കാഴ്ചവച്ചതെന്ന് സുതീഷ് പറഞ്ഞു. മനസുനിറഞ്ഞ സന്തോഷത്തോടെയാണ് രാഘവേട്ടൻ വീടിന്റെ താക്കോൽ കൈപ്പറ്റിയത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിലെ കാര്യങ്ങളെല്ലാം നോക്കി നടത്തിയ ബന്ധുക്കളായതും കൂട്ടായ്മയിലെ അംഗങ്ങളാണ്.

ചടങ്ങിൽ കോഴിക്കോട് റീജിയണൽ ഹെഡ് പ്രമോദ് കുമാർ ടി.വി., HR മാനേജർ മധു ടി., ബേബി ജോസഫ്‌, പ്രീതി ജേക്കബ് എന്നിവർ പങ്കെടുത്തു. ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഓഫീസിലെ താൽക്കാലിക ജീവനക്കാരനാണ് എല്ലാവരും രാഘവേട്ടൻ എന്നു വിളിക്കുന്ന രാഘവൻ.



Sharing is Caring