മുന്‍നിര ഐടി കമ്പനികളായ ഒറക്കിള്‍, ഇന്‍ഫൊസിസ് എന്നിവരുമായി ഫെഡറല്‍ ബാങ്ക് ധാരണയില്‍

കൊച്ചി: ക്ലൗഡ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മെന്‍റ് (സി.ആര്‍.എം) സംവിധാനം നടപ്പിലാക്കുന്നതിന് ഫെഡറല്‍ ബാങ്ക് മുന്‍നിര ഐടി കമ്പനികളായ ഒറക്കിള്‍, ഇന്‍ഫൊസിസ് എന്നിവരുമായി ധാരണയിലെത്തി. പുതുതലമുറ ഉപഭോക്തൃ അനുഭവം നല്‍കുന്ന ഒറക്കിള്‍ സിഎക്സ് പ്ലാറ്റ്ഫോം ഒരുക്കുന്നതിനാണ് സഹകരണം. മാര്‍ക്കറ്റിങ്, സെയില്‍സ്, കസ്റ്റമര്‍ സര്‍വീസ്, സോഷ്യല്‍ ലിസനിങ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന സമഗ്രമായ സി.ആര്‍.എം സംവിധാനമാണ് ഫെഡറല്‍ ബാങ്കിനു വേണ്ടി ഈ കമ്പനികള്‍ ഒരുക്കുന്നത്. ബാങ്കിന്‍റെ എല്ലാ കേന്ദ്രങ്ങളിലും മികച്ചതും പുതിയ അനുഭവം നല്‍കുന്നതുമായ ഡിജിറ്റല്‍ സേവനങ്ങള്‍ എത്തിക്കാനും ബാങ്കിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ സ്രോതസ്സില്‍ നിന്നുതന്നെ ലഭ്യമാക്കാനും അതു വഴി ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുന്നു എന്നതാണ് ഈ സേവനത്തിന്‍റെ പ്രധാന സവിശേഷത.

‘ഒറാക്കിളും ഇന്‍ഫോസിസുമായി സഹകരിച്ച് പുതുതലമുറ സി.ആര്‍.എം സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഫെഡറല്‍ ബാങ്ക് ഒരു സുപ്രധാന ചുവടുവയ്ക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനുതകുന്ന സമഗ്രമായ ഒരു പ്ലാറ്റ്ഫോമായിരിക്കും ഇത്’- ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡുമായ (റിട്ടെയ്ല്‍) ശാലിനി വാര്യര്‍ പറഞ്ഞു.

‘ക്ലൗഡ്, ഡേറ്റ എന്നിവയിലൂടെ സേവനങ്ങള്‍ മികച്ചതും സുസ്ഥിരവുമാക്കാന്‍ സഹായിക്കുന്ന നൂതന ഡിജിറ്റല്‍ ടൂളുകളാണ് ഒറക്കിള്‍ നിരന്തരം വികസിപ്പിച്ചുവരുന്നത്. സി ആര്‍ എം ആവട്ടെ നിര്‍മിതബുദ്ധി, ഡേറ്റ എന്നിവയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഒറക്കിള്‍ ക്ലൗഡ് കസ്റ്റമര്‍ സംവിധാനം വഴി ഫെഡറല്‍ ബാങ്കിന് ഉപഭോക്താക്കളെ കൂടതല്‍ അറിയാനും അവരുടെ താല്‍പര്യങ്ങളെ വേഗത്തില്‍ വിലയിരുത്താനുമുള്ള ഏകീകൃത സംവിധാനവും’-ഒറക്കിള്‍ സിഎക്സ് സീനിയര്‍ സെയില്‍സ് ഡയറക്ടര്‍ രാകേഷ് ജെയ്റ്റ്ലി പറഞ്ഞു.

ഫെഡറല്‍ ബാങ്കിന്‍റെ ഡിജിറ്റല്‍ മാറ്റങ്ങളുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും ഒറക്കിള്‍ സിഎക്സ്, ഇന്‍ഫൊസിസ് കൊബാള്‍ട്ട് ക്ലൗഡ് സേവനത്തിലൂടെ അതിവേഗം പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയുമെന്നും ഇന്‍ഫൊസിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും എന്‍റര്‍പ്രൈസ് അപ്ലിക്കേഷന്‍ സര്‍വീസസ് ഗ്ലോബല്‍ ഹെഡുമായ ദിനേശ് റാവു പ്രസ്താവിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *