ഇടുക്കി മെഡിക്കൽ കോളജിൽ 21 ദിവസം പ്രായമുള്ള കുഞ്ഞിന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്


idukki medical college

ഇടുക്കി മെഡിക്കൽ കോളജിൽ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന്  പരാതി. ഭൂമിയാംകുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് നൽകിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. മരുന്നിന്റെ കാലാവധി കഴിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതോടെ ഇത് കുഞ്ഞിന് ഉപയോഗിച്ചില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.ജലദോഷവും സ്കിൻ ഇൻഫെക്ഷനും ഉണ്ടായതിനെ തുടർന്നാണ് കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചത്.


പരിശോധനയ്ക്ക് ശേഷം വലിയ പ്രശ്നമില്ലെന്നും ഓയിന്റ്മെന്റ് ഉപയോഗിച്ചാൽ മതിയെന്നും ഡോക്ടർ നിർദേശിച്ചതായി സോബിൻ പറഞ്ഞു. തുടർന്ന് ഭാര്യ ആശുപത്രിയിലെ ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.വീട്ടിലെത്തിയ ശേഷം മരുന്ന് പരിശോധിച്ചപ്പോഴാണ് കാലാവധി സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്ന് സോബിൻ പറയുന്നു. 2024 ജൂണിലാണ് മരുന്ന് നിർമ്മിച്ചതെന്ന് കവറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ തീയതി മുതൽ രണ്ട് വർഷം വരെ ഉപയോഗിക്കാമെന്നാണ് മരുന്നിൽ രേഖപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം 2026 ജൂണിൽ മരുന്നിന്റെ കാലാവധി അവസാനിച്ചിരുന്നുവെന്നും സോബിൻ ആരോപിച്ചു.സംഭവത്തിൽ ഇടുക്കി മെഡിക്കൽ കോളജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ഫാർമസി അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മരുന്ന് എങ്ങനെ വിതരണം ചെയ്യാനിടയായെന്നതടക്കമുള്ള കാര്യങ്ങൾ ഫാർമസി വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വ്യക്തമാകുക.




Sharing is Caring