ഓരോ തൈകളും ഭാവിയെ സുരക്ഷിതമാക്കുന്നു…ഇന്ന് ലോക പരിസ്ഥിതിദിനം


193180 worlddd

“ഒരു തൈ നടുമ്പോൾ ഒരു തണൽ നടന്നു” ഒ. എൻ. വി കുറുപ്പിന്റെ ‘ഒരു തൈ നടുമ്പോൾ ‘ എന്ന കവിതയിലെ അതിമനോഹരമായ വരികളാണിവ. ഒരു തൈ നടുന്നതിലൂടെ പ്രകൃതിക്ക് തണലേകുന്നതിനെക്കുറിച്ചും മനുഷ്യന്റെ പ്രകൃതിസ്നേഹത്തെ കുറിച്ചും ലളിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഈ വരികൾ പരിസ്ഥിതിയെയും നമ്മുടെ ചുറ്റുപാടിനെയും അറിയേണ്ട പ്രാധാന്യവും മഹത്വവും ആണ് നമ്മെ ഓർമിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നത് ഈ സമൂഹത്തിൽ ജീവിക്കുന്ന നാം ഓരോരുത്തരുടെയും കൂട്ടായ കടമയാണ്.


മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം പ്രകൃതി വലിയ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിക്കാട്ടുക എന്നത് വളരെ പ്രസക്തിയേറിയ കാര്യമാണ്. അതിനാൽ തന്നെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനായി നാം എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ദിനംപ്രതി നിരവധി വിഷബാധകങ്ങളാണ് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.


കാർബൺഡയോക്സൈഡ്, മീഥേൻ,നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ ഗണ്യമായ വർദ്ധനവ് ഓസോൺ പാളിയുടെ തകർച്ചയ്ക്ക് കാരണമാവുകയും തന്മമൂലം ആഗോളതാപനം ഉണ്ടാവുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ വലിയ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ചൂടിനെ ശമിപ്പിക്കാൻ ചുറ്റുപാടും മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ട ആവശ്യകത ഏറെയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രതിസന്ധി. വനനശീകരണം, കാലാവസ്ഥ വ്യതിയാനം, ജല വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർദ്ധനവ്, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ പ്രശ്നങ്ങൾ ഭൂമിയുടെ ആരോഗ്യരംഗത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്നു.

മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ പ്രകൃതിയുടെ സംന്തുലിതാവസ്ഥയെ തകർക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ പ്രളയം, വരൾച്ച,ഉരുൾപൊട്ടൽ, അതിതീവ്ര ചൂട് തുടങ്ങിയ രൂപങ്ങളിൽ അനുഭവിക്കേണ്ടിവരുന്നു. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. ഒരു തൈ നടുന്നതിലൂടെ നാം ഓരോരുത്തരും നമ്മുടെ ഭാവിജീവിതം ഭദ്രതയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഓരോ മനുഷ്യന് ചുറ്റും ശുദ്ധ വായുവിന്റെ സാന്നിധ്യം ഉണ്ടാവുക എന്നത് ഇന്നത്തെ കാലത്ത് ജീവിക്കുന്ന നമുക്ക് സ്വർഗ്ഗതുല്യമാണ്.

വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക,പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറയ്ക്കുക,ജലവും വൈദ്യുതിയും മിതമായി ഉപയോഗിക്കുക, മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ പോലും വലിയ മാറ്റങ്ങളിലേക്കാണ് വഴിയൊരുക്കുന്നത്.

ഈ ലോക പരിസ്ഥിതി ദിനത്തിൽ ഒരു മരം നട്ടുപിടിപ്പിക്കാനും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും, പ്രകൃതിയോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാനുമുള്ള പ്രതിജ്ഞ എടുക്കാം. കാരണം, ഇന്ന് നമ്മൾ പ്രകൃതിക്കായി ചെയ്യുന്ന ഓരോ ചെറിയ പ്രവർത്തനവും നാളെയുടെ ഭൂമിക്ക് നൽകുന്ന വലിയ പ്രതീക്ഷയാണ്.



Sharing is Caring