ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം


ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. വീട്ടില്‍ പോയി ചോദിക്ക് പരാമര്‍ശം തിരിച്ചടിയായെന്നും ഇത് ശരിയായ ശൈലിയല്ലെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായിയെ വിമര്‍ശിച്ചതുകൊണ്ട് ഡിവൈഎഫ്‌ഐയില്‍ നിന്ന് തന്നോട് കടക്ക് പുറത്തെന്ന് പറയരുതെന്നും പ്രതിനിധി സമ്മേളനത്തില്‍ പ്രതികരിച്ചു.


തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും മുന്‍ മന്ത്രി പി രാജീവും അടക്കം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം സെമിനാറില്‍ സംസാരിക്കവെയായിരുന്നു ഇരുവരുടെയും വിമര്‍ശനം. എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ടെന്ന് പരാമര്‍ശം ശരിയായില്ലെന്ന് പറഞ്ഞ പി രാജീവ്, ജനങ്ങള്‍ക്കിടയില്‍ ഇത് മറ്റൊരു ബോധം സൃഷ്ടിച്ചെന്നും കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റി. ശക്തമായ നടപടി സ്വീകരിച്ചില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കണമായിരുന്നുവെന്നും പി രാജീവ് പറഞ്ഞിരുന്നു.

online news portal

ബന്ധുവായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരം നല്‍കുമെങ്കില്‍ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി എം എ ബേബി പ്രതികരിച്ചത്. സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷക്കാരില്‍ വലതുപക്ഷ സ്വാധീനം നുഴഞ്ഞ് കയറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു. ‘പൊതുവെ ഒരു ഇടതുപക്ഷ മനസ്സ് കേരളത്തിനുണ്ടെന്ന് പറഞ്ഞിട്ട് നമ്മിലൊക്കെ തന്നെ നമ്മളറിയാതെ വലതുപക്ഷം സ്വാധീനം ഉറപ്പിക്കുന്നുണ്ടോ? നമ്മളറിയാതെ നമ്മളിലേയ്ക്ക് തന്നെ വലതുപക്ഷം നുഴഞ്ഞ് കയറുന്നുണ്ടോ തുടങ്ങിയ കാര്യം മുതല്‍ ഇന്ത്യയിലെങ്ങനെ ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടന എണ്ണമറ്റ സംഘടനകള്‍ സൃഷ്ടിച്ച് കൊണ്ട് നിലവിലുള്ള സംഘടനകളിലെല്ലാം നുഴഞ്ഞ് കയറിക്കൊണ്ട് ആര്‍എസ്എസ് അവരുടെ രാഷ്ട്രീയ പദ്ധതി എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതെല്ലാം പരിശോധിക്കേണ്ടതുണ്ടെ’ന്നാണ് എം എ ബേബി പറഞ്ഞത്.



Sharing is Caring