കോൺ​ഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ​ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അം​ഗമായിരുന്നു

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. 1946ൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായി. പിന്നീട് സജീവ രാഷ്ട്രീയ പ്രവർത്തകനായി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഷൊർണൂരിൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തുടക്കം. പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും തുടർന്ന് പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അദ്ദേഹം 1964–ൽ പാലക്കാട് ഡിസിസി പ്രസിഡന്റുമായി. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള ജില്ലയിൽ കോൺഗ്രസ് വേരോട്ടത്തിനായി ശങ്കരനാരായണൻ അക്ഷീണം യത്നിച്ചു.

1968ൽ 36–ാം വയസിൽ കെപിസിസി ജനറൽ സെക്രട്ടറി പദത്തിലെത്തി. കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *