യാത്രികരെ അസഭ്യം പറഞ്ഞ് ഇറക്കി വിട്ട കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കെതിരെ പരാതി

ചിറയന്‍കീഴ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രികരെ അസഭ്യം പറഞ്ഞ് ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കെതിരെ പരാതി.കൊല്ലം തലവൂര്‍ സ്വദേശിയാണ് കണ്ടക്ടര്‍ക്കെതിരെ കെഎസ്‌ആര്‍ടിസിയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിക്കാത്തതിനാല്‍ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.

കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഐഎഎസിനാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച ജീവനക്കാരിയെ പിരിച്ചു വിടണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ യാത്രികരെ അസഭ്യം പറഞ്ഞ് ബസില്‍ നിന്നും ഇറക്കിവിട്ടത്. ഉച്ചയ്‌ക്ക് ട്രിപ്പിനായി നിര്‍ത്തിയിട്ടിരുന്ന ബസില്‍ യാത്രികര്‍ കയറിയിരുന്നു. എന്നാല്‍ തനിക്ക് ഭക്ഷണം കഴിക്കണമെന്നും, എല്ലാവരും ബസില്‍ നിന്നും ഇറങ്ങണമെന്നും കണ്ടക്ടര്‍ പറയുകയായിരുന്നു. എന്നാല്‍ ബസില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ലെന്നും, നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാമെന്നും വനിതാ യാത്രികര്‍ മറുപടി നല്‍കി. ഇതാണ് കണ്ടക്ടറെ ചൊടിപ്പിച്ചത്. ഉടനെ യാത്രികരെ അസഭ്യം പറയാന്‍ ആരംഭിക്കുകയായിരുന്നു.

തൊഴിലുറപ്പ് പണിക്ക് പോകുന്നവര്‍ കണ്ടവന്റെ കൂടെ കിടക്കാന്‍ പോകുകയാണെന്ന് ആയിരുന്നു കണ്ടക്ടറുടെ അധിക്ഷേപം. ഇത് ചോദ്യം ചെയ്ത യാത്രികരോട് പോയി കേസ് കൊടുക്കാനും കണ്ടക്ടര്‍ പറഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നുവന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *