സമൂഹമാധ്യമങ്ങളിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ചു’: പ്രശാന്ത് ഭൂഷണെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്


prasanth bhushan 1

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റേതെന്ന പേരിൽ പ്രചരിച്ച വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷണെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യയെ വിമര്‍ശിക്കുന്ന തരത്തിലുള്ള കൃത്രിമമായി നിര്‍മിച്ച വിഡിയോ ഷെയര്‍ ചെയ്തുവെന്നാണ് ആരോപണം.നവംബർ മൂന്നിന് സൈബർ നിരീക്ഷണത്തിനിടെയാണ് @thequotensews എന്ന എക്സ് അക്കൗണ്ടിൽ നിന്ന് പ്രശാന്ത് ഭൂഷന്റെ ഔദ്യോഗിക പേജിലൂടെ വ്യാജ വീഡിയോ പങ്കുവെച്ചതായി ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.


വ്യാജവും ജനങ്ങളില്‍ തെറ്റിധാരണ പരത്തുന്നതും കലാപ സാധ്യത ഉണ്ടാക്കുന്നതുമായ ഉള്ളടക്കമാണ് വിഡിയോയിലുള്ളതെന്നും, ഇത് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും പൊതുസമാധാനം തകർക്കാനും കാരണമായേക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.വ്യാജ വീഡിയോ ക്ലിപ്പിൽ റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയെക്കുറിച്ചും വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തുന്നതായാണ് കാണിച്ചിരുന്നത്. എന്നാല്‍ ഇത് തികച്ചും വ്യാജവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.




Sharing is Caring