ചിന്തന്‍ ശിബിരത്തിന് ഇന്ന് സമാപനം; പുതിയ നയരേഖ പ്രഖ്യാപനം കെ സുധാകരന്‍ നടത്തും

സംസ്ഥാനത്ത് സിപിഎമ്മിനെയും ബി.ജെ.പിയേയും ഒരു പോലെ എതിര്‍ക്കണമെന്ന് കെപിസിസി ചിന്തന്‍ ശിബിരം. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിലുള്ള സാഹചര്യത്തില്‍ ബിജെപിയെ നേരിടുന്നതിലേക്ക് മാത്രമായി ശ്രദ്ധ ഒതുങ്ങരുത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപിയെ മുഖ്യ എതിരാളി കാണണം. എന്നാല്‍ കേരളത്തിലെ സാഹചര്യത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും ഒരു പോലെ എതിര്‍ക്കുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കുകയാണ് വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

താഴെത്തട്ടില്‍ പുനഃസംഘടന വൈകുന്നതിലും വിമര്‍ശനം ഉയര്‍ന്നു. മൂന്നുമാസം കൊണ്ട് തീര്‍ക്കുമെന്ന് പറഞ്ഞ പുനഃസംഘടന ഒരു വര്‍ഷമായിട്ടും ഒന്നുമായില്ലെന്നായിരുന്നു വി എസ് ശിവകുമാറിന്റെ വിമര്‍ശനം. ഗ്രൂപ്പ് വീതംവയ്പ്പിന്റെ കാലം കഴിഞ്ഞെന്നും വ്യക്തിഗത വീതം വെയ്പ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇതിന് പിന്നാലെ പുനഃസംഘടനയ്ക്കുള്ള സമയക്രമം നിശ്ചയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുതലം മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാനും ധാരണയായി. ന്യൂനപക്ഷങ്ങളുടെ വോട്ട് തിരിച്ചുപിടിക്കണം. പുനസംഘടന വേഗത്തില്‍ നടത്തണമെന്നും പാര്‍ലമെന്ററി അവസരം മൂന്നു തവണയായി നിജപ്പെടുത്തണം. മത നേതാക്കളെ ആക്ഷേപിക്കാന്‍ പാടില്ല. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം ശക്തമാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.

ഇന്ന് നടക്കുന്ന പൊതു ചര്‍ച്ചയ്ക്ക് ശേഷം നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമ രൂപമാകും. കോഴിക്കോട് പ്രഖ്യാപനത്തോടെ കെ.പി.സി.സി ചിന്തന്‍ ശിബിരം ഇന്ന് അവസാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കര്‍മപദ്ധതി തയ്യാറാക്കുക, സംഘടനാ സംവിധാനം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ആരംഭിച്ചത്. നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം മുന്‍ കെപിസിസി അധ്യക്ഷന്‍ന്മാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *