ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ്; നാളെ ഹാജരാകണം

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനു സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

നാളെ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്നു പറഞ്ഞ കോടതി അവസാന അവസരമായിരിക്കും ഇതെന്നു വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ നടപടി.

വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നടത്തിയതെന്നു ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ നല്‍കിയ ഡ്രാഫ്റ്റ് ചാര്‍ജില്‍ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് നടത്തിയത്.

ബൈജു കൊട്ടാരക്കര നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *