താര ദമ്ബതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്.
തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്.
സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. 2018ല്‍ റിലീസായ കൂദാശ എന്ന സിനിമയുടെ നിര്‍മ്മാണത്തിന് 3.14 കോടി രൂപ കൈപ്പറ്റിയെന്നും സിനിമ റിലീസായ ശേഷം ഈ പണവും ലാഭ വിഹിതവും നല്‍കാമെന്ന വാഗ്ദാനം ഇരുവരും പാലിച്ചില്ലെന്നുമാണ് പരാതി.
2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരനായ റിയാസ് ആദ്യം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു.