
തുടച്ചയായി 100 ദിവസങ്ങളിൽ മുടങ്ങാതെ 100 ചരിത്രപരമായ അറിവുകൾ പങ്കുവെച്ച് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. സംവിധായകനും നിർമ്മാതാവുമായ നിർമൽ ബേബിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കഴിഞ്ഞ 100 ദിവസങ്ങളായി മുടങ്ങാതെ ചരിത്രപരമായ അറിവുകൾ പകരുന്ന വീഡിയോകൾ റീൽസുകളായും, യൂട്യൂബ് ഷോർട്സുകളുമായും പങ്കുവെച്ചത്.
സ്കൂൾ വിദ്യാർത്ഥികൾക്കും, പി. എസ്. സി. പഠിക്കുന്നവർക്കും എല്ലാവർക്കും ഉപകാരപ്പെടുന്ന തരത്തിൽ എ. ഐ. സാങ്കേതിക വിദ്യയുടെ സഹായത്താൽ പെട്ടന്ന് മനസ്സിൽ പതിയുംവിധം മികച്ച ദൃശ്യങ്ങളിലൂടെയാണ് ഈ വീഡിയോകൾ ഒരുക്കിയത്. കൂടുതലും വയനാട് സംബന്ധിച്ചുള്ള ചരിത്ര വിവരങ്ങളാണ് ഇതുവരെ പുറത്തിറക്കിയവയിൽ കൂടുതലെങ്കിലും ലോകോത്തര ചരിത്ര വിഷയങ്ങളടങ്ങിയ വീഡിയോകളും ഇവയിൽ പെടുന്നു.

വയനാടിന്റെ സ്വർണ്ണഖനന ചരിത്രം പ്രമേയമാക്കി കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി ധാരാളം അവാർഡുകൾ കരസ്ഥമാക്കിയ ‘തരിയോട്’ എന്ന ഡോക്യൂമെന്ററിയിലൂടെയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ശ്രദ്ധനേടുന്നത്. തുടർന്ന് മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’യുടെ നിർമ്മാണത്തിലൂടെ പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിനെ ഇന്ത്യൻ സിനിമയിലേയ്ക്ക് കൊണ്ടുവരാൻ സാധിച്ചതിലൂടെ ഇന്ത്യയ്ക്ക് പുറമെയും കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ശ്രദ്ധ നേടി.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടൈം ലൂപ്പ് ചിത്രമായ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ നിർമ്മാണത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കന്നഡ ചിത്രമായ ‘അന്തിമ ക്ഷണഗളു’ എന്ന ഹൊറർ ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനായുള്ളത്. ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡ് അതിഥി വേഷത്തിലെത്തുന്ന, മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമായ ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ എന്ന സോംബി ചിത്രമാണ് അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാനൊരുങ്ങുന്ന ഇവരുടെ ചിത്രം.
ഡോക്യൂമെന്ററി ചിത്രമായ തരിയോടിന്റെ സിനിമാറ്റിക് റീമേക്ക് ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന വരാനിരിക്കുന്ന ചരിത്ര സിനിമ ഹോളിവുഡിൽ നിന്നടക്കമുള്ള നടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും പേരുകളുൾപ്പെടെയാണ് പ്രഖ്യാപിച്ചതെന്നതും ഈ കമ്പനിയുടെ വലിപ്പം വ്യക്തമാക്കുന്നു. ഐ എം ഡി ബി-യിൽ നിന്നുമുള്ള വിവരങ്ങളനുസരിച്ച് നിലവിൽ പത്തിൽ കൂടുതൽ സിനിമകളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇവയിൽ കൂടുതലും ഹിസ്റ്ററി, ഹൊറർ, മിസ്റ്ററി സിനിമകളാണ്.
Facebook post: https://www.facebook.com/share/p/1C5cda3hg1
