ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി മഹാരാഷ്ട്ര മുന്നോട്ട്

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കാൻ ആവശ്യമായ എല്ലാ അനുമതികളും ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ പൂർത്തിയാക്കി. വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്രയിൽ അധികാരത്തിലെത്തി രണ്ടാഴ്ചക്കകം ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ആവശ്യമായ അനുമതികളെല്ലാം കഴിഞ്ഞ ദിവസം നൽകി. എൻ സി പി, കോൺഗ്രസ്, ശിവസേന സഖ്യത്തിലെ സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തിൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു പദ്ധതിയെന്ന് അനുമതി പ്രഖ്യാപിച്ച് കൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു.

ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗുജറാത്തിൽ അതിവേഗം നീങ്ങവേ മഹാരാഷ്ട്രയിലെ നടപടികൾ മന്ദഗതിയിലായിരുന്നു. ഭൂമി ഏറ്റെടുക്കൽ 70 ശതമാനത്തോളം പൂർത്തിയായ കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതി അതീവ പ്രാധാന്യം നൽകിയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പൂർത്തിയാക്കിയത്. മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ അനുമതികളും നൽകി ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പൂർത്തിയാക്കാനുള്ള നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്.

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ടെർമിനൽ നിർമ്മിക്കാൻ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജംബോ കോവിഡ് കെയർ കേന്ദ്രം ഉടൻ ഒഴിയാനും സർക്കാർ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ അതോറിറ്റിക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും നിർദ്ദേശം നൽകി. ബുള്ളറ്റ് ട്രെയിൻ ടെർമിനസിനായി നീക്കിവച്ചിരിക്കുന്ന പ്ലോട്ടിൽ പെട്രോൾ പമ്പിനും ബദൽ സ്ഥലം നൽകുവാൻ തീരുമാനിച്ചു.
508 കിലോമീറ്റർ ദൂരം വരുന്ന പാത രണ്ടു മണിക്കൂർ കൊണ്ട് പിന്നിടാനാകുമെന്നതാണ് നേട്ടം. 1.1 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 8800 കോടി രൂപ ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷനിൽ നിന്നുള്ള വായ്പയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *