കൊല്ലം അഞ്ചലില്‍ രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദേശവാസികള്‍.

കൊല്ലം അഞ്ചലില്‍ രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദേശവാസികള്‍. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോപണം. വീടിന്റെ മുറ്റത്ത് നിന്നും കാണാതായ കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പുലര്‍ച്ചയോട് കൂടി തിരികെ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം.

ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തിട്ടും കുട്ടി ഒട്ടും നനഞ്ഞില്ല എന്നതിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. കണ്ടെത്തുമ്പോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

‘കുട്ടിയെ ആരോ കൊണ്ടുവെച്ചതാണ്. ഇന്നലെ പെരും മഴ പെയ്തിട്ടും കുട്ടി നനഞ്ഞിട്ടില്ല. മനപ്പൂര്‍വ്വം കൊണ്ടുവെച്ചതാണ്. കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നതോടെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ്. മഴ പെയ്തപ്പോള്‍ കുട്ടി പേടിക്കില്ലേ. എന്നാല്‍ കുഞ്ഞ് ഹാപ്പിയാണ്. മഴ പെയ്തപ്പോള്‍ നനഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ‘ പ്രദേശവാസികള്‍ പറയുന്നു.

തടിക്കാട് സ്വദേശികളായ അന്‍സാരി, ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്. കുട്ടിയെ വീടിന് അടുത്തുള്ള കുന്നിന്‍ മുകളില്‍ നിന്നാണ് കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കാണാതായത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മഴയെ തുടര്‍ന്ന് ഒരു മണിയോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *