കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ കമ്യൂണിറ്റി എമർജൻസി തയ്യാറെടുപ്പ് പ്രസ്ഥാനമായ ലൈഫ് ലൈനർ പുതിയ ഘട്ടത്തിലേക്ക്. അടുത്ത ഒരു വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം പേർക്ക് ജീവൻ രക്ഷാപരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം മുപ്പതിനായിരത്തിലധികം ആളുകൾക്ക് ഇതിനകം ജീവൻരക്ഷാ പരിശീലനവും അവബോധവും നൽകിയതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഒരു വർഷത്തിൽ 407 ലധികം പരിശീലനം സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ‘ലൈഫ് ലൈനർ 2.0’ ബി എം എച്ച് ഗ്രൂപ്പിന് കീഴിലുള്ള മെയ്ത്ര ഹോസ്പിറ്റൽ, നരുവി, സ്റ്റാർ ഹോസ്പിറ്റൽ എന്നിവയിലേക്കും വ്യാപിപ്പിക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള എമർജൻസി റെസ്പോൺസ് ഇക്കോ സിസ്റ്റം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയരക്ടറുമായ ഡോ. കെ ജി അലക്സാണ്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാർക്ക് ജീവൻ രക്ഷാ വൈദഗ്ധ്യം ലളിതമായി പകർന്നു നൽകാനാണ് ലൈഫ് ലൈനർ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ബി എം എച്ച് എമർജൻസി മെഡിസിൻ വിഭാഗം ക്ലസ്റ്റർ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീൻ പറഞ്ഞു. ‘ലൈഫ് ലൈനർ’ പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഉദ്ഘാടനം ഡോ. കെ ജി അലക്സാണ്ടർ, ഡോ. വേണുഗോപാലൻ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കൂളുകൾക്കായി പ്രത്യേക സുരക്ഷാ പദ്ധതികളും ബിഎംഎച്ച് പ്രഖ്യാപിച്ചു. ജീവൻ രക്ഷ പരിശീലനം ആവശ്യമുള്ളവർ 95260 55566 നമ്പറിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ മൈത്ര ഹോസ്പിറ്റൽ സി ഇ ഒ ഡോ. നിഹാജ് ജി മുഹമ്മദ്, ബി എം എച്ച് ക്ലസ്റ്റർ സിഇഒ ഡോ. അനന്ത് മോഹൻ പൈ, മൈത്ര ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ ചെയർമാൻ ഡോ. വേണുഗോപാൽ തുടങ്ങിയവരും സംബന്ധിച്ചു.