വന്‍ ഐടി തൊഴിലവസരങ്ങള്‍; പ്രതിധ്വനിയുടെ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കം

കൊച്ചി: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി കമ്പനികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കമായി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ നൂറിലേറെ കമ്പനികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ഉള്ളത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഐടി ജോലി തേടുന്നവര്‍ക്ക് ഇന്നു (വെള്ളി, സെപ്്തംബര്‍ 17) മുതല്‍ സെപ്തംബര്‍ 21 വരെ jobs.prathidhwani.org എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സേവനം തീര്‍ത്തും സൗജന്യമാണ്. ബഹുരാഷ്ട്ര കമ്പനികളായ യുഎസ്ടി, അലയന്‍സ്, എച്ച്എന്‍ആര്‍ ബ്ലോക്ക്, ക്വസ്റ്റ് ഗ്ലോബല്‍, ടാറ്റ എല്‍ക്‌സി തുടങ്ങി നൂറിലേറെ കമ്പനികളാണ് ഈ പോര്‍ട്ടല്‍ വഴി നേരിട്ട് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഐ ടി കമ്പനികള്‍ തേടുന്ന ശരിയായ ടെക്നിക്കല്‍ സ്‌കില്‍സെറ്റ് ഉള്ളവരെ കമ്പനികള്‍ക്കു തന്നെ കണ്ടെത്താം. പ്രതിധ്വനിയുടെ വിര്‍ച്വല്‍ ജോബ് ഫെയര്‍ ഓട്ടോമേറ്റഡ് സംവിധാനം വഴിയാണിത്. ഇങ്ങനെ കമ്പനികള്‍ കണ്ടെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 22 മുതല്‍ 30 വരെ നേരിട്ട് ഇന്റര്‍വ്യൂ സംഘടിപ്പിക്കും.

ഏതാനും മാസങ്ങളായി കേരളത്തിലെ ഐടി കമ്പനികളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പുതുതായി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ ഉള്‍പ്പെടെ യോഗ്യരായ ഐടി പ്രൊഫഷനലുകളെ വേഗത്തില്‍ കണ്ടെത്താനാണ് കമ്പനികള്‍ പ്രതിധ്വനിയുമായി സഹകരിച്ച് വെര്‍ച്വല്‍ ജോബ് ഫെയറിന്റെ ഭാഗമായത്. കേരളത്തിലെ മാത്രമല്ല ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ പ്രധാന ഐ ടി ഹബ്ബുകളിലുള്ള മലയാളികളായ ഐ ടി പ്രൊഫഷനലുകള്‍ കേരളത്തില്‍ വന്നു ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട്. അവര്‍ക്കു കൂടി അവസരമൊരുക്കിയാണ് ഈ ജോബ് ഫെയര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രതിധ്വനി പ്രസിഡന്റ് റനീഷ് എ ആര്‍ പറഞ്ഞു.

ഡെവോപ്‌സ് എന്‍ജിനീയര്‍, ആര്‍ക്കിടെക്ട്, ഓട്ടോമേഷന്‍ ടെസ്റ്റിംഗ്, ബിഗ് ഡാറ്റ, ഡി ബി ഡവലപ്പര്‍, ഫുള്‍സ്റ്റാക്ക് ഡവലപ്പര്‍, യു എക്‌സ് ഡിസൈനര്‍, ജാവ, ഡോട്ട് നെറ്റ്, പൈത്തണ്‍ തുടങ്ങിയ നിരവധി ടെക്നോളജിയിലും ബിസിനസ് അനലിസ്റ്റ്, കണ്‍സള്‍ടെന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ റൈറ്റര്‍ തുടങ്ങിയ നിരവധി ഒഴിവുകളിലാണ് അവസരങ്ങള്‍ ഉള്ളത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് jobs.prathidhwani.org പോര്‍ട്ടലില്‍ ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *