ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ബിസിസിഐ പ്രസിഡന്റ്

ടി20 ലോക കപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എളുപ്പത്തില്‍ ചാമ്പ്യന്മാരാകാന്‍ സാധിക്കില്ലെന്നും കിരീടം നേടുക എന്ന നേട്ടത്തിനപ്പുറം തുടക്കത്തിലെ ഓരോ പന്തും മികവുറ്റതായി കളിക്കുക എന്നതാണ് പ്രധാനമെന്നും ഗാംഗുലി പറഞ്ഞു.

‘എളുപ്പത്തില്‍ ചാമ്പ്യന്മാരാകാന്‍ സാധിക്കില്ല. ഒരു ടൂര്‍ണമെന്റിന് ഇറങ്ങിയത് കൊണ്ട് മാത്രം ചാമ്പ്യന്മാരാകില്ല. പക്വതയോടെ ആ പ്രോസസിലൂടെ കടന്നു പോകണം. അവരെല്ലാം കഴിവുള്ള താരങ്ങളുണ്ട്. റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള കഴിവുണ്ട്. വിക്കറ്റ് എടുക്കാനും പറ്റുന്നവരാണ്. മനസികമായി നല്ല നിലയിലായിരിക്കണം. എന്നാല്‍ മാത്രമേ ലോക കപ്പ് നേടാന്‍ സാധിക്കുകയുള്ളൂ. ഫൈനല്‍ ഏറ്റവും അവസാനം മാത്രമാണ്, അപ്പോഴാണ് കപ്പും നേടാന്‍ സാധിക്കുക. പക്ഷെ അതിന് മുമ്പ് ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ഓരോ മത്സരങ്ങളായി വേണം കാണാന്‍. ഓരോ മത്സരവും ജയിക്കാന്‍ ശ്രമിക്കണം.’

‘തുടക്കത്തിലേ കപ്പിനെക്കുറിച്ച് ചിന്തിക്കരുത്. ഏത് മത്സരത്തിന് ഇറങ്ങുമ്പോഴും ഇന്ത്യയായിരിക്കും എല്ലാവരുടേയും ഫേവറേറ്റ്. ഫലത്തേക്കാള്‍ ശ്രദ്ധ ആ പ്രോസസിന് നല്‍കി മനസമാധാനത്തോടെ കളിക്കാന്‍ ശ്രമിക്കണം. ഞാന്‍ വന്നിരിക്കുന്നത് ലോകകപ്പ് നേടാന്‍ ആണ് എന്ന ചിന്തയോട് കളിക്കാന്‍ ഇറങ്ങുന്നതാണ് ഏറ്റവും വലിയ തെറ്റ്. ഓരോ പന്തും കളിക്കുക എന്നതാണ് പ്രധാനം. ഫൈനലില്‍ എത്തുന്നത് വരെ അങ്ങനെ തന്നെ നേരിടാന്‍ ശീലിക്കുകയാണ് വേണ്ടത്’ ഗാംഗുലി പറഞ്ഞു.

വലിയ പ്രതീക്ഷയോടെ ടി20 ലോക കപ്പിനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന് നടക്കും. ശക്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *