മണ്ഡലകാലം തുടങ്ങിയിട്ടും ഒരുക്കങ്ങൾ പൂർത്തിയാകാതെ നിലയ്ക്കൽ ബേസ് ക്യാമ്പ്

മണ്ഡലകാലം തുടങ്ങി ഭക്തർ ശബരിമലയിലേക്ക് എത്തി തുടങ്ങിയിട്ടും നിലയ്ക്കൽ ബേസ് ക്യാമ്പിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല. ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ വൃത്തിയാക്കാത്തതും കുടിവെള്ള വിതരണത്തിലെ പോരായ്മകളും ഭക്തരെ വലയ്ക്കുന്നു. ഹോട്ടലുകൾ ലേലത്തിൽ പോയിട്ടില്ലാത്തതിനാൽ ദേവസ്വം ബോർഡിന്റെ അന്നദാനം മാത്രമാണ് ആശ്രയം.

വെർച്വൽ ക്യൂ ബുക്കിംഗ് പരിശോധനയും കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടതും പമ്പയിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ പാസ് വിതരണവും പാർക്കിംഗും എല്ലാം നിലക്കലിൽ. ബേസ് ക്യാമ്പിൽ കയറാതെ ഭക്തർക്ക് പമ്പയിലേക്ക് പോകാനാവില്ലെന്ന് ചുരുക്കം. ശൗചാലയങ്ങളും ഹോട്ടലുകളും ലേലത്തിൽ പോകാത്തതിനാൽ ബുദ്ധിമുട്ടുകളേറെയാണ്. വൃത്തിഹീനമായ ശൗചാലയങ്ങളെപ്പറ്റിയും കുടിവെള്ള വിതരണത്തിലെ പോരായ്മയെക്കുറിച്ചും ആദ്യദിനം പരാതി ഉയർന്നു.

ബുക്കിംഗ് സമയത്തിന് മുൻകൂട്ടി എത്തുന്നവർക്കും മലയിറങ്ങിവരുന്നവരെ കാത്ത് കിടക്കുന്ന ഡ്രൈവർമാർക്കും ഭക്ഷണത്തിന് സ്വകാര്യ ഹോട്ടലുകളില്ല. ദേവസ്വം ബോർഡ് മൂന്നു നേരം അന്നദാനം നടത്തുന്നുണ്ട്. കനത്ത മഴയെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ 10,000 പേർ മാത്രമാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്.

മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ മൂന്ന് ദിവസത്തിന് ശേഷം സ്‌പോട്ട് ബുക്കിംഗ് കൂടി ആരംഭിച്ചാൽ കൂടുതൽ ഭക്തർ എത്തുമെന്നാണ് കണക്കുകൂട്ടൽ. അതിന് മുമ്പായി നിലക്കലിലെ പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *