സംസ്ഥാനത്ത് എക്സൈസ് മന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ബാർ ലൈസൻസുകൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉദ്യോഗസ്ഥരെ നേരിട്ട് ബാർ ലൈസൻസുകൾ നൽകാൻ അനുവദിക്കില്ല. മുൻ സർക്കാരിന്റെ കാലത്താണ് മന്ത്രിയുടെ അറിവില്ലാതെ ഉദ്യോഗസ്ഥർക്ക് മാത്രം ബാർ ലൈസൻസ് അനുവദിക്കാനുള്ള സാഹചര്യം ഒരുക്കിയതെന്നും ഈ രീതി തിരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എക്സൈസ് കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മിഷണർക്കും സ്വന്തം നിലയിൽ ബാർ ലൈസൻസ് അനുവദിക്കാൻ കഴിയുന്ന സാഹചര്യം സംസ്ഥാനത്തിന് വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി സംസ്ഥാനത്ത് ബാറുകൾക്ക് അനുമതി നൽകുകയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
‘മന്ത്രി അറിയാതെതന്നെ ഉദ്യോഗസ്ഥന്മാർക്ക് ബാർ ലൈസൻസ് കൊടുക്കാനുള്ള സൗകര്യം കഴിഞ്ഞ ഗവൺമെന്റിന്റെറെ കാലത്ത് ചെയ്തുവെച്ചു. ഇപ്പോഴും അത് തുടരുകയാണ്. അത് മാറ്റും. ഗവൺമെൻ്റ് അറിയാതെ ഒരു ബാറിനും ലൈസൻസ് കൊടുക്കില്ല. അങ്ങനെ കൊടുക്കാൻ പാടില്ല. ഗവൺമെൻ്റ് അറിയണം. ഗവൺമെൻ്റിൻ്റെ മദ്യനയം ഉടൻ വരും. അതനുസരിച്ചേ ബാർ കൊടുക്കാൻ പാടുള്ളൂ.’ മുഖ്യമന്ത്രി പറഞ്ഞു.‘കഴിഞ്ഞ സർക്കാരാണ് ബാർ കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയത്. അങ്ങനെയാണെങ്കിൽ എന്തായിരിക്കും ഇവിടെ സ്ഥിതി? നമുക്ക് അതിനകത്ത് ഒരു നിയന്ത്രണം വേണ്ടേ. മന്ത്രി പോലും അറിയാതെ ഡെപ്യൂട്ടി കമ്മീഷണർക്കും കമ്മീഷണർക്കും ബാർ കൊടുക്കാം എന്ന സാഹചര്യമുണ്ടായത് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്താണ്. അത് മാറ്റും. ഗവൺമെൻ്റ് അറിഞ്ഞുകൊണ്ട് ചെയ്താൽ മതി.’ മുഖ്യമന്ത്രി പറഞ്ഞു.













