ആക്സിസ് മ്യൂച്വൽ ഫണ്ട് ഗ്രിപ്പ് ഇൻവെസ്റ്റുമായി സഹകരണത്തിന്; നിക്ഷേപ പദ്ധതികൾ ഇനി ഗ്രിപ്പ് ആപ്പിലും ലഭ്യമാകും


Logo Axis Mutual Fund

രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട്, ഫിക്സഡ്-ഇൻകം നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രിപ്പ് ഇൻവെസ്റ്റുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തോടെ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ വിവിധ നിക്ഷേപ സ്കീമുകൾ ഇനി മുതൽ ഗ്രിപ്പ് ഇൻവെസ്റ്റ് ആപ്പിലൂടെ നിക്ഷേപകർക്ക് ലഭ്യമാകും.


ഈ സംവിധാനത്തിലൂടെ ഗ്രിപ്പ് ആപ്പ് വഴി നിക്ഷേപകർക്ക് ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് ഫണ്ടുകളിലേക്ക് എളുപ്പത്തിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. ബോണ്ട് നിക്ഷേപകർക്ക് അവരുടെ വരുമാനം നേരിട്ട് ആക്സിസ് മ്യൂച്വൽ ഫണ്ട് സ്കീമുകളിലേക്ക് റീ-ഇൻവെസ്റ്റ് ചെയ്യാൻ സഹായിക്കുന്ന ഗ്രിപ്പ് ഇൻവെസ്റ്റിന്റെ ‘ഓട്ടോ-എസ്‌ഐ‌പി’  ഫീച്ചറാണ് ഇതിലെ പ്രധാന സവിശേഷത.


നിക്ഷേപകരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും റിസ്ക് താല്പര്യങ്ങൾക്കും അനുസരിച്ച് വൈവിധ്യമാർന്ന പോർട്ട്ഫോളിയോകൾ നിർമ്മിക്കാൻ ഇത് അവരെ സഹായിക്കും. ഈ ഓട്ടോമേറ്റഡ് റീ-ഇൻവെസ്റ്റ്മെന്റ് സംവിധാനം വഴി കൂട്ടുപലിശയുടെ ഗുണഫലങ്ങളിലൂടെ ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഫിൻടെക് പങ്കാളിത്തങ്ങളിലൂടെ ഡിജിറ്റൽ സാന്നിധ്യം വിപുലീകരിക്കാനും നിക്ഷേപ പ്രക്രിയ കൂടുതൽ ലളിതമാക്കാനുമുള്ള ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ കാഴ്ചപ്പാടാണ് ഈ കൂട്ടായ്മ വ്യക്തമാക്കുന്നത്. കൂടുതൽ എളുപ്പവും തടസ്സങ്ങളില്ലാത്തതുമായ നിക്ഷേപ മാർഗ്ഗങ്ങളാണ് ഉപഭോക്താക്കൾ ഇന്ന് തേടുന്നതെന്നും, ഈ പങ്കാളിത്തത്തിലൂടെ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിലേക്ക് വളരെ എളുപ്പത്തിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയാണെന്നും ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ചീഫ് ഡിജിറ്റൽ ഓഫീസർ ബോണിഫസ് നൊറോണ പറഞ്ഞു.

സമ്പത്ത് സൃഷ്ടിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട തത്വമാണ് കോമ്പൗണ്ടിംഗ് എന്ന് ഗ്രിപ്പ് ഇൻവെസ്റ്റ് സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ നിഖിൽ അഗർവാൾ പറഞ്ഞു. ഗ്രിപ്പിലെ ഇൻഫിനിറ്റ് എന്ന സവിശേഷത വഴി ബോണ്ട് നിക്ഷേപകർക്ക് തങ്ങളുടെ പണം എപ്പോഴും വരുമാനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ പണം എവിടെ, എങ്ങനെ വളരണമെന്ന് തിരഞ്ഞെടുക്കാനും ഏത് സമയത്തും നിക്ഷേപം പിൻവലിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം ഈ സംവിധാനത്തിൽ നിക്ഷേപകർക്ക് ലഭിക്കുന്നുണ്ട്.



Sharing is Caring