വൻകുടലിലെ ക്യാൻസർ ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ വളരെ കുറഞ്ഞ അവബോധം മാത്രമാണുള്ളതെന്ന് സർവേ റിപ്പോർട്ട്. ലോക വൻകുടൽ ക്യാൻസർ മാസത്തോടനുബന്ധിച്ച് മെർക്ക് സ്പെഷ്യാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി സംഘടിപ്പിച്ച സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 14 ഇന്ത്യൻ നഗരങ്ങളിലായി നടത്തിയ ജീവിതശൈലി, ദഹനാരോഗ്യ അവബോധ സർവേ പ്രകാരം വൻകുടലിലെ ക്യാൻസർ ലക്ഷണങ്ങൾ ഗുരുതരമാണെന്ന സംശയം കോഴിക്കോട് നിവാസികളിൽ 19.9 ശതമാനം പേർക്ക് മാത്രമാണുള്ളതെന്ന് വ്യക്തമായി.
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്ന പത്രസമ്മേളനത്തിൽ പുറത്തിറക്കിയ സർവെ പ്രകാരം കോഴിക്കോട് നഗരവാസികളിൽ 61.5 ശതമാനം പേരും ഇറെഗുലർ ബവൽ മൂവ്മെൻ്റ് അനുഭവിക്കുന്നതായും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് 45.6 ശതമാനം പേർ വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുമ്പോൾ മലത്തിൽ രക്തം കണ്ടാൽ പോലും 24.6 ശതമാനം പേരും സ്വയം ചികിത്സ നടത്തുകയാണെന്ന് വ്യക്തമായി. ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. കെ. വി. ഗംഗാധരൻ, സീനിയർ കൺസൾട്ടന്റ് ആൻഡ് ഹെഡ് ഡോ. ശ്രീലേഷ് കെ.പി, സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ചന്ദ്രശേഖരൻ എന്നിവരാണ് വാർത്താസമ്മേനളത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കിയത്.
കൊൽക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂർ, കോഴിക്കോട്, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊച്ചി, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവയുൾപ്പെടെ 14 പ്രധാന ഇന്ത്യൻ നഗരങ്ങളിലായി 25-നും 65-നും ഇടയിൽ പ്രായമുള്ള 10,198 വ്യക്തികളിൽ നിന്നാണ് രാജ്യവ്യാപകമായി നടത്തിയ സർവേയിൽ പ്രതികരണങ്ങൾ ശേഖരിച്ചത്. തുടർച്ചയായ മലവിസർജ്ജന ശീലത്തിലെ മാറ്റങ്ങൾ, മലത്തിൽ രക്തം, വയറിലെ അസ്വസ്ഥത, ക്ഷീണം, അല്ലെങ്കിൽ വിശദീകരിക്കാത്ത ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ഡോ. കെ. വി. ഗംഗാധരൻ പറഞ്ഞു. തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് കുടലിലെ ക്യാൻസറെന്നും അദ്ദേഹം വ്യക്തമാക്കി.