ജിയോജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോവിഡ് രോഗികള്‍ക്കായി കൊച്ചിയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി ആസ്റ്റര്‍ വൊളണ്ടിയേഴ്‌സ്

കൊച്ചി: കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ ആവശ്യം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമ്പലമുകളില്‍ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി 100 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി. ആദ്യ 50 ബെഡ്ഡുള്ള ആസ്റ്റര്‍ ജിയോജിത്ത് കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പിനായി ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സ് ജിയോജിത്ത് ഫൗണ്ടേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. 75 ലക്ഷം രൂപയാണ് ജിയോജിത്ത് ഫൗണ്ടേഷന്‍ ഇതിനായി നല്‍കിയത്. ആശുപത്രിയില്‍ ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഒരുക്കുന്നതും ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനവും പരിശീലനവും നടത്തുന്നതും ആസ്റ്റര്‍ മെഡ്‌സിറ്റിയാണ്. ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജിയോജിത്ത് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി സി.ജെ. ജോര്‍ജ്, ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രതിനിധി ലത്തീഫ് കാസിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആശുപത്രിയില്‍ ഇന്നു മുതല്‍ (മെയ് 19) രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും.

മാനവരാശി ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. കോവിഡ് 19 ലോകം മുഴുവന്‍ വലിയ വിപത്ത് വരുത്തികൊണ്ടിരിക്കുകയാണ്. അപകടസാധ്യതകളും വെല്ലുവിളികളും ഉണ്ടെങ്കിലും ഈ സാഹചര്യത്തില്‍ രോഗികളെ സേവിക്കുക എതാണ് ഉത്തരവാദപ്പെട്ട ആരോഗ്യ പരിപാലന സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ലക്ഷ്യമിട്ടാണ് സര്‍ക്കാരുമായി സഹകരിച്ച് കൊച്ചിയില്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കുന്നത്. മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ സഹായിക്കാനായി ന്യുഡെല്‍ഹി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് കോവിഡ് കെയര്‍ ഫീല്‍ഡ് ആശുപത്രികള്‍ നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഈ സംരംഭം കൂടുതല്‍ രോഗികള്‍ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗത്തിന് മികച്ച ആരോഗ്യപരിപാലനത്തിന് പിന്തുണയേകുക എന്നതാണ് ജിയോജിത്ത് ഫൗണ്ടേഷന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന് എന്ന് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി സി.ജെ. ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ ഡോ. ആസാദ് മൂപ്പന്റെ കാഴ്ചപ്പാടിനോടും ആവശ്യക്കാരായ ജനങ്ങള്‍ക്ക് സഹായം എത്തിക്കുകയെന്ന ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ ആശയവുമായും ചേര്‍ന്നു പോകുന്നതാണ് ജിയോജിത്ത് ഫൗണ്ടേഷന്റെ ആശയവും. ഇത്തരമൊരു സന്നിഗ്ധഘട്ടത്തില്‍ ഇന്നാട്ടിലെ ജനങ്ങളെ സഹായിക്കാനായി കൈകോര്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സി.ജെ. ജോര്‍ജ് വ്യക്തമാക്കി.

ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ബിപിസിഎല്‍ കാമ്പസിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മികച്ച സൗകര്യങ്ങളും ഉപകരണങ്ങളും മെഡിക്കല്‍ സ്റ്റാഫും ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങളും ഒരുക്കിയതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അമ്പിളി വിജയരാഘവന്‍ പറഞ്ഞു. കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും കൊച്ചിയിലും സമീപ പ്രദേശങ്ങളിലെയും ആവശ്യക്കാരായ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *