ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ അണ്ടര്‍ 20 യോഗ്യത മത്സരം: ഇന്ത്യക്ക് തോല്‍വി

ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) അണ്ടര്‍ 20 ഗ്രൂപ് എച്ച്‌ യോഗ്യതമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം.അലി സബാഹ് അല്‍ സലീം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2ന് ഇറാഖിനോടാണ് ഇന്ത്യയുടെ തോല്‍വി.രണ്ടാം മിനിറ്റില്‍തന്നെ ഖാസിമിലൂടെ ഗോള്‍ നേടി ഇറാഖ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും 22ാം മിനിറ്റില്‍ ജി സിങ്ങിലൂടെ ഗോള്‍മടക്കി ഇന്ത്യ സമനില പിടിച്ചു. 10 മിനിറ്റിനകം തോങ്ബ്രാമിലൂടെ ഒരു ഗോള്‍കൂടി നേടി ഇന്ത്യ മുന്നിലെത്തി.

ആദ്യ പകുതിവരെ ലീഡ് നിലനിര്‍ത്തി പിടിച്ചുനിന്ന ഇന്ത്യക്ക് രണ്ടാം പകുതിയുടെ ആദ്യത്തില്‍തന്നെ കളിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. 51ാം മിനിറ്റില്‍ അബ്ദുല്‍ അബ്ദുല്‍ കരീമിലൂടെ ഇറാഖ് സമനില ഗോള്‍ നേടി. 63ാം മിനിറ്റില്‍ സദഖിന്റെ ഗോളിലൂടെ ഇറാഖ് ലീഡ് നേടി. തുടര്‍ന്ന് സമനിലക്കും വിജയത്തിനുമായി ഇന്ത്യ പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല. 71ാം മിനിറ്റില്‍ യുംനാന്‍ വഴി വന്ന സെല്‍ഫ് ഗോളോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചു. ഞായറാഴ്ച വൈകീട്ട് 4.30ന് ഇന്ത്യ-ആസ്ട്രേലിയ മത്സരവും 7.30ന് കുവൈത്ത്-ഇറാഖ് മത്സരവും നടക്കും. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ആസ്ട്രേലിയ ഇറാഖിനെ നേരിടും. 7.30ന് കുവൈത്ത്-ഇന്ത്യ മത്സരം നടക്കും. അടുത്ത വര്‍ഷം മാര്‍ച്ച്‌ ഒന്നു മുതല്‍ 18 വരെ ഉസ്ബകിസ്താനിലാണ് എ.എഫ്.സി അണ്ടര്‍ 20 ടൂര്‍ണമെന്റ്.

യോഗ്യത റൗണ്ടിലെ മികച്ച ടീം ഉസ്ബകിസ്താനിലേക്ക് യോഗ്യത നേടും. ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ വരുംമത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാകും. ഇന്ത്യയുടെ മത്സരം കാണാന്‍ മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *