മാനന്തവാടിയില്‍ സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ;ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി മന്ത്രി ആന്റണി രാജു

മാനന്തവാടിയില്‍ സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയായ സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി മന്ത്രി ആന്റണി രാജു. സിന്ധുവിന്റെ ഡയറിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

അതേ സമയം സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ജോ. കമ്മിഷണര്‍ കല്‍പ്പറ്റയിലെത്തും. മാനന്തവാടി സബ് ഓഫിസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് വിശദീകരണം തേടുമെന്നുമാണ് സൂചന.

സിന്ധുവിന്റെ റൂമില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് പൊലീസ് കണ്ടെടുത്തത്. ഓഫീസില്‍ ഒറ്റപ്പെട്ടുവെന്നും, ജോലി പോകുമെന്ന് ഭയമുള്ളതായും ഡയറില്‍ എഴുതിയിട്ടുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നതായും സൂചനകളുണ്ട്. ഡയറിയില്‍ ചില സഹപ്രവര്‍ത്തകരുടെ പേരുകള്‍ എഴുതിയിട്ടുണ്ട്. ആത്മഹത്യക്ക് പ്രേരണയായത് ഇക്കാരണങ്ങളാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സിന്ധുവിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.

സിന്ധുവിനെ ഉദ്യോഗസ്ഥര്‍ പരസ്യമായി അപമാനിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് പറഞ്ഞു. സിന്ധു കരയുന്നത് കണ്ടവരുണ്ട്. സംഭവം നേരിട്ട് കണ്ട ചിലര്‍ തന്നെ വിവരം അറിയിച്ചതായാണ് പ്രദീപ് പറഞ്ഞത്.

സിന്ധു ആത്മഹത്യ ചെയ്യും മുമ്പ് പരാതിപ്പെട്ടിരുന്നതായി വയനാട് ആര്‍ടിഒ മോഹന്‍ദാസ് പറഞ്ഞിരുന്നു.ഓഫീസിലെ ചില സഹപ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതിപ്പെട്ടത്. സിന്ധു ഉള്‍പ്പടെ അഞ്ച് പേരാണ് പരാതിയുമായി ആര്‍ടിഒയെ സമീപിച്ചത്. സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും ആര്‍ടിഒ വ്യക്തമാക്കി. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പരാതിയുമായി അഞ്ച് പേരും മോഹന്‍ദാസിനെ കണ്ടത്. ഓഫീസില്‍ ചേരിചിരിവ് ഉണ്ട്. സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നാണ് സിന്ധു ആവശ്യപ്പെട്ടത്.

ഇന്നലെ രാവിലെയാണ് ഭിന്നശേഷിക്കാരിയായ സിന്ധുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *