ഹിജാബ് വിരുദ്ധ പ്രക്ഷോഭം : മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഇബ്രാഹിം റൈസി.പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും, ഇത് ജനങ്ങളുടെ ആവശ്യമാണെന്നും റൈസി പറയുന്നു. ഒരു ടെലിവിഷന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റൈസി നിലപാട് വ്യക്തമാക്കിയത്.

ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം. ഒരു പരിധി കഴിഞ്ഞാല്‍ ഒന്നും സഹിക്കില്ല. നിയമങ്ങള്‍ ലംഘിക്കാനോ പ്രശ്‌നമുണ്ടാക്കാനോ ഒരാളെയും അനുവദിക്കില്ല. പ്രതിഷേധിക്കുന്നവര്‍ ഈ രാജ്യത്തെ തന്നെയാണ് ലക്ഷ്യമിടുന്നത്. ആളുകള്‍ തമ്മില്‍ തല്ലണമെന്നാണ് ശത്രുരാജ്യം ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് എല്ലാം പിന്നില്‍ അമേരിക്കയാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ദു:ഖമുണ്ട്. എന്നാല്‍ ഇപ്പോഴുള്ള കലാപങ്ങളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും’ റൈസി പറഞ്ഞു.

അതേസമയം ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 76 കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. മതനിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മഹ്‌സയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ ഇവര്‍ കൊല്ലപ്പെടുകയുമായിരുന്നു. 600ലധികം പേരാണ് ഇതുവരെ അറസ്റ്റിലായത്.. നിരവധി പേര്‍ വീട്ടു തടങ്കലിലാണെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *