വൈപ്പിന്‍ കരയോടുള്ള അവഗണനക്കെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി അന്നാ ബെന്‍

വൈപ്പിനില്‍നിന്നുള്ള ബസുകള്‍ക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി നടി അന്നാ ബെന്‍.കഴിഞ്ഞ 18 വര്‍ഷമായി വൈപ്പിന്‍ ബസുകള്‍ ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടുന്ന ദുരവസ്ഥയിലാണെന്നാണ് അന്നാ ബെന്‍ മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.

സെന്‍റ് തെരേസാസില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് താന്‍ അനുഭവിച്ചിരുന്നതാണ്. ഇപ്പോള്‍ പാലം വന്നു, ബസുകള്‍ വന്നു. എന്നിട്ടും വൈപ്പിന്‍ കരയെ ഇന്ന് നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കുകയാണ്. ജില്ലയുടെ മറ്റ് ഭാ​ഗങ്ങളില്‍ നിന്നും നഗരത്തിലേക്ക് ബസുകള്‍ വന്നിട്ടും വൈപ്പിന്‍ ബസുകള്‍ക്കു മാത്രമാണ് ഹൈക്കോടതി വരെ മാത്രം പ്രവേശനം പരിമിതപ്പെടുത്തുന്നതെന്നും അന്നാ ബെന്‍ ചൂണ്ടിക്കാണിക്കുന്നു.

നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ ഹൈക്കോടതി ജങ്ഷനില്‍ എത്തി ന​ഗരത്തിലെ മറ്റിടങ്ങളിലേക്കുള്ള ബസുകള്‍ പിടിക്കണം എന്നതിനാല്‍ സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഇതു കൊണ്ടുള്ള അധികച്ചെലവ് താങ്ങാനാവാത്തതാണ്. ബസുകളുടെ നഗരപ്രവേശനത്തിനായി വൈപ്പിന്‍ നിവാസികള്‍ നിരന്തര സമരത്തിലാണ്. വൈപ്പിന്‍ ബസുകള്‍ക്ക് നഗരപ്രവേശനം അനുവദിക്കണോ എന്ന കാര്യത്തില്‍ നാറ്റ്പാക് ഒരു പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നഗര പ്രവേശനത്തിന് അനുകൂലമാണ് എന്ന് അറിയുന്നതായും അന്നാ ബെന്‍ കത്തില്‍ പറയുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *