കോവിഡ് മൂലം മരിച്ച രോഗിയില്‍ ഒരേ സമയം ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ കണ്ടെത്തി

ബ്രസ്സൽസ്: കോവിഡ്-19 ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയ തൊണ്ണൂറുകാരിയ്ക്ക് വൈറസിന്റെ ആൽഫ, ബീറ്റ വകഭേദങ്ങൾ ഒരേ സമയം ബാധിച്ചിരുന്നതായി ബെൽജിയം ഗവേഷകർ. രോഗിയിലുള്ള വൈറസ് വകഭേദങ്ങൾ തിരിച്ചറിയാത്തതോ വേണ്ടത്ര ഗൗരവം നൽകാത്തതോ ആവാം മരണത്തിന് കാരണമായതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. കോവിഡ് രോഗികളിൽ അപൂർവമായി മാത്രമാണ് ഒന്നിലധികം വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയിട്ടുള്ളത്.

ആൽസ്റ്റിലെ ഒഎൽവി ആശുപത്രിയിൽ മാർച്ചിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെ അവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അവർ വാക്സിൻ സ്വീകരിച്ചിരുന്നില്ല. ആദ്യദിവസങ്ങളിൽ ഓക്സിജൻ നിലയിൽ പ്രശ്നമില്ലാതിരുന്ന രോഗിയിൽ പെട്ടെന്നാണ് അവസ്ഥ ഗുരുതരമായത്. അഞ്ച് ദിവസത്തിന് ശേഷം അവർ മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആൽഫ, ബീറ്റ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം രോഗിയിൽ തിരിച്ചറിഞ്ഞത്.

ബെൽജിയത്തിൽ ആ സമയത്ത് രണ്ട് വകഭേദങ്ങളും വ്യാപിച്ചിരുന്നതായും മരിച്ച രോഗിയ്ക്ക് വ്യത്യസ്ത വ്യക്തികളിൽ നിന്ന് രണ്ട് വകഭേദങ്ങളും ബാധിച്ചതായിരിക്കാമെന്നും ഒഎൽവി ആശുപത്രിയിലെ മോളികുലർ ബയോളജിസ്റ്റായ ആൻ വാൻകീർബർഗൻ പറഞ്ഞു. രണ്ട് വകഭേദങ്ങളും ഒരേ സമയം ബാധിച്ചതാണോ രോഗിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ലെന്നും രാജ്യത്ത് ഇത്തരത്തിലുള്ള മറ്റു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വകഭേദങ്ങൾ കൂടി കണ്ടെത്തുന്ന വിധത്തിൽ പിസിആർ പരിശോധന ത്വരിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *