വിദ്വേഷമുദ്രാവാക്യത്തിലൂടെ വിവാദത്തിലായ കുട്ടിയെ പ്രകടനത്തിന് കൊണ്ടുവന്നത് പിതാവ് തന്നെയെന്ന് കണ്ടെത്തി.

ആലപ്പുഴയിൽ വിദ്വേഷമുദ്രാവാക്യത്തിലൂടെ വിവാദത്തിലായ കുട്ടിയെ പ്രകടനത്തിന് കൊണ്ടുവന്നത് പിതാവ് തന്നെയെന്ന് കണ്ടെത്തി. കൊച്ചി തോപ്പുംപടിക്ക് സമീപം താമസിച്ചിരുന്ന കുടുംബം സംഭവം വിവാദമായതിന് പിന്നാലെ ഒളിവിലാണന്ന് പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ടിൻറെ പ്രകടനത്തിനിടെയാണ് പത്ത് വയസ്സ് പ്രായം തോന്നുന്ന കുട്ടി മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചത്. ഇതിന് കുട്ടിക്ക് കൃത്യമായ പരിശീലനം നൽകിയെന്നും പൊലീസിൻറെ റിമാൻറ് റിപ്പോർട്ടിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ടിൻറെ സജീവ പ്രവർത്തകനാണ് കുട്ടിയുടെ പിതാവ്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിൻറെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു. സോഷ്യൽ മീഡിയായിൽ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാൻ കഴിഞ്ഞത്.. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. പ്രകടനത്തിന്റെ ദൃശ്യങ്ങൾ വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പൊലീസ് പറയുന്നത്. .

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും പിതാവ് കുട്ടിയെ പങ്കെടുപ്പിച്ചതായി പൊലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു ക്രിസ്ത്യൻ മതവികാരങ്ങൾ ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടതായി പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്.

പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നല്കിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

ബാബരി മസ്ജിദ്,ഗ്യാന് വ്യാപി വിഷയങ്ങൾ മുദ്രാവാക്യങ്ങളിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. പ്രതികൾക്കെതിരെ ബാലനീതിനിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തെ കുട്ടിയെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കി എന്നതാണ് കുറ്റം. റിമാൻഡ് റിപ്പോർട്ടിൽ നിലവിൽ മൂന്ന് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് കേസിൽ രണ്ടാം പ്രതിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *