വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ നടപടി

തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പൊലീസ് ഈ ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. സാധാരണ ഗതിയിൽ ബസ് എടുക്കുന്നതിന് തൊട്ട് മുൻപ് മാത്രമേ വിദ്യാർത്ഥികളെ കയറ്റാറുള്ളൂ. ഇത്തരത്തിൽ തലശേരി ബസ് സ്റ്റാൻഡിൽ വച്ച് വിദ്യാർത്ഥികൾ ബസിൽ കയറുന്നതിന് വേണ്ടി പുറത്ത് വരി നിൽക്കുകയാണ്. ആ സമയത്ത് നല്ല മഴ പെയ്തു. അപ്രതീക്ഷിത മഴയായിരുന്നു. വിദ്യാർത്ഥികളുടെ കയ്യിൽ കുട ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികൾ മുഴുവൻ മഴ നനഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അതിന് പിന്നാലെയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ഈ വിഷയത്തിൽ ഇടപെട്ടത്. തലശ്ശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. അതിനുശേഷം മുന്നറിയിപ്പ് നൽകിയതിനുശേഷം വാഹനം വിട്ടയച്ചു.

വിഷയത്തിൽ ബാലാവകാശ കമ്മീഷൻ കൂടി ഇടപെട്ടിട്ടുണ്ട്. വിദ്യാർഥികൾ പാസ് നൽകി യാത്ര ചെയ്യുന്നു എന്നതുകൊണ്ട് അവരെ രണ്ടാംതരം ആളുകളായി കണക്കാക്കുന്നു. കണ്ടക്ടറും ക്ലീനറുമൊക്കെ വളരെ മോശമായി അവരോട് പെരുമാറുന്നു. കനത്ത മഴ പെയ്താൽ പോലും വിദ്യാർത്ഥികളെ ബെല്ലടിക്കുന്നതിന് തൊട്ടുമുൻപ് മാത്രമേ ബസിൽ കയറ്റാറുള്ളൂ. വിഷയത്തിൽ ഏതായാലും നടപടി എന്താണ് എന്ന് സംബന്ധിച്ച് വിശദീകരണം നൽകാൻ മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *