സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; 2 പേര്‍ക്ക് പരിക്ക്

പോണ്ടിച്ചേരിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. പോണ്ടിച്ചേരി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി അരുണിമ പ്രേം (22) ആണ് മരിച്ചത്. സർവ്വകലാശാലയിൽ ഒന്നാം വർഷ എം എസ് സി വിദ്യാർത്ഥിനിയാണ് അരുണിമ.

പരിക്കേറ്റ അഭിരാമി, വിമൽ വ്യാസ് എന്നീ വിദ്യാർത്ഥികൾ ചികിത്സയിലാണ്. താമസസ്ഥലത്തു നിന്ന് കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

യൂണിവേഴ്സിറ്റിക്ക് സമീപം ചൊവ്വ രാത്രി ഒൻപതേമുക്കാലോടെയാണ് അപകടം നടന്നത്. രാമനാട്ടുകര രാമചന്ദ്രൻ റോഡിൽ പുതുപറമ്പത്ത് കാനങ്ങോട്ട് പ്രേമരാജിന്റെയും കെപി ശാലിനിയുടെയും മകളാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

You may also like ....

Leave a Reply

Your email address will not be published.