അഭിനന്ദന്‍ വര്‍ധമാന്റെ മിഗ് 21 സ്ക്വാഡ്രണ്‍ ‘സോര്‍ഡ് ആംസ്’ വ്യോമസേന പിരിച്ചുവിടുന്നു

വ്യോമസേനയുടെ അഭിമാനമുയര്‍ത്തിയ മിഗ് 21 സ്ക്വാഡ്രണ്‍ ‘സോര്‍ഡ് ആംസ്’ പിരിച്ചുവിടുന്നു.മിഗ് 21 യുദ്ധവിമാനങ്ങളുടെ നാല് സ്ക്വാഡ്രണുകളാണ് നിലവില്‍ വ്യോമസേനക്കുള്ളത്. അവ ഘട്ടംഘട്ടമായി 2025 ഓടു കൂടി പൂര്‍ണാര്‍ഥത്തില്‍ പിരിച്ചുവിടുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടോ മൂന്നോ യുദ്ധവിമാനങ്ങളും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിദഗ്ധരും ഉള്‍പ്പെടുന്ന വ്യോമസേനാ ടീമാണ് ഒരു സ്ക്വാഡ്രണ്‍.

നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് വ്യോമസേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങള്‍ക്ക് പഴക്കമേറുകയും നിരവധി അപകടങ്ങള്‍ ഉണ്ടാവുകയും ആളപായം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്തതോടെയാണ് ശ്രീനഗര്‍ ആസ്ഥാനമായ സ്ക്വാഡ്രണുകള്‍ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് വ്യോമസേന എത്തിയത്. ഈ വിമാനങ്ങളില്‍ പലതും അപകടങ്ങളില്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. സോര്‍ഡ് ആംസ് എന്ന സ്ക്വാഡ്രണ്‍ സെപ്റ്റംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.

2019ലെ ബാലാക്കോട്ട് ആക്രമണത്തിനു ശേഷം വിങ് കമാന്ററായിരുന്ന അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ എഫ് -16 യുദ്ധവിമാനം തകര്‍ത്ത സമയത്ത് സോര്‍ഡ് ആംസില്‍ അംഗമായിരുന്നു. മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു വര്‍ധമാന്റെ ആക്രമണം. നിലവില്‍ അദ്ദേഹം ഗ്രൂപ്പ് ക്യാപ്റ്റനാണ്.

പുല്‍വാമ ഭീകരാക്രമണത്തിന് രണ്ടാഴ്ചക്ക് ശേഷം 2019 ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജയ്‌ശെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്ബില്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ മിന്നലാക്രമണം നടത്തി. ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ തിരിച്ചടിച്ചു. സോര്‍ഡ് ആംസ് വിങ് കമാന്ററായിരുന്ന അഭിനന്ദന്‍ വര്‍ധമാന്‍ മിഗ്-21 ബൈസണ്‍ വിമാനം ഉപയോഗിച്ച്‌ പാക് യുദ്ധവിമാനം എഫ്-16 നെ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാക് ഭൂപ്രദേശത്ത് പാരച്യൂട്ട് വഴി ഇറങ്ങിയ അദ്ദേഹത്തെ നയതന്ത്ര ഇടപെടല്‍ വഴിയാണ് ഇന്ത്യക്ക് കൈമാറിയത്. 2019 ലെ സ്വാതന്ത്ര്യ ദിനത്തില്‍ വീര്‍ ചക്ര നല്‍കി അദ്ദേഹത്തെ ആദരിച്ചു.

1999ലെ കാര്‍ഗില്‍ സംഘര്‍ഷസമയത്തെ ഓപറേഷന്‍ സഫേദ് സാഗറിലും സോര്‍ഡ് ആംസ് പ​ങ്കെടുത്തിട്ടുണ്ട്. വായുസേന മെഡലും സമഗ്ര സംഭാവനക്ക് മൂന്ന് മെന്‍ഷന്‍-ഇന്‍-ഡിസ്പാച്ചുകളും സോര്‍ഡ് ആംസിന് ലഭിച്ചു. ഓപറേഷന്‍ പരാക്രം സമയത്ത്, സ്ക്വാഡ്രനെ കാശ്മീര്‍ താഴ്വരയിലെ എയര്‍ ഡിഫന്‍സ് ആയി നിയോഗിച്ചിരുന്നു. രാജ്യത്തിനായുള്ള സ്തുത്യര്‍ഹ സേവനത്തിന്, സ്ക്വാഡ്രന് 2018 ല്‍ പ്രസിഡന്റ്സ് സ്റ്റാന്‍ഡേര്‍ഡ് ലഭിച്ചുവെന്ന് ഭാരത് രക്ഷക് എന്ന വെബ്‌സൈറ്റ് പറയുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *