മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ തിരംഗ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കരുതൽ അറസ്റ്റ് ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 126, 170 വകുപ്പുകൾ പ്രകാരമാണ് നടപടി. തുടർന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.കൊണാട്ട് പ്ലേസിൽ നടന്ന തിരംഗ മാർച്ചിനിടെ രാത്രി മുഴുവൻ കസ്റ്റഡിയിൽ കഴിഞ്ഞ നേഹ ബോറയെ ഡൽഹി പൊലീസ് പുലർച്ചെയാണ് വിട്ടയച്ചത്.
മാർച്ചുമായി ബന്ധപ്പെട്ട് ഇരുവരെയും കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ സംഘടനകൾ നേരത്തെ പ്രതിഷേധം ഉയർത്തിയിരുന്നു.അതേസമയം, ഡൽഹി പൊലീസിന്റെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഇടതുപക്ഷ വനിതാ സംഘടനകളുടെ തീരുമാനം. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതായി ആരോപിക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഇന്ന് രാവിലെ 11ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം വ്യാപിപ്പിക്കാനാണ് സംഘടനകളുടെ നീക്കം.













