മുസ്‌ലിം ലീഗ് സ്ഥാനാർഥി നിർണ്ണയത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി. പാർട്ടി തീരുമാനങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്ന രണ്ടത്താണി, തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തെയാണ് ചോദ്യം ചെയ്തത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ടെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. യുവനേതാക്കളായ അഡ്വ. പി കെ ഫിറോസ്, അഡ്വ. ഫൈസൽ ബാബു, ടി പി അഷ്റഫലി, പി കെ നവാസ് തുടങ്ങിയവർ സ്ഥാനാർത്ഥികളായതിനെ അഭിമാനകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കെ എം ഷാജിയെ വേങ്ങരയിൽ പരിഗണിച്ച തീരുമാനത്തെയും സ്വാഗതം ചെയ്തു.

എന്നാൽ, തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തിൽ അദ്ദേഹം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. എ കെ ആന്റണി, അവുക്കാദർ കുട്ടി നഹ, യു എ ബീരാൻ സാഹിബ് തുടങ്ങിയ പ്രഗത്ഭർ പ്രതിനിധീകരിച്ച മണ്ഡലത്തിൽ, പ്രാദേശിക കമ്മിറ്റികളോ പ്രവർത്തകരോ ആവശ്യപ്പെടാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. അർഹതപ്പെട്ടവരെ അവഗണിച്ച്, ചിലരുടെ താൽപ്പര്യത്തിനായി നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കിയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയെ സ്നേഹിക്കുന്നവർ ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമായി കാണരുതെന്നും, പ്രതിഫലം ആഗ്രഹിക്കാതെ പാർട്ടിക്ക് വേണ്ടി അധ്വാനിക്കുന്നവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും രണ്ടത്താണി കൂട്ടിച്ചേർത്തു.













