ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദന്‍ (31) ആണ് മരിച്ചത്. അപകടത്തില്‍പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി. ജസ്റ്റിന്‍ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നടന്‍ ടൊവിനോയുടെ ഷെഫ് ആയി ജോലി ചെയ്യുന്ന വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
അപകടത്തില്‍പെട്ടവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ നടന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഷ്ണുവിന്റെ ഫോട്ടോ പങ്കുവെച്ച് അനുശോചനം അറിയിച്ചു. പരേതനായ ശിവാനന്ദന്‍-രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സംസ്‌കാരം ഇന്ന് നാലിന് വെച്ചൂരിലെ വീട്ടുവളപ്പില്‍.