പയ്യന്നൂർ  ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ  അത്യാധുനിക സ്ട്രോക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു


PR Stroke Unit

പയ്യന്നൂർ:  സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ തന്നെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അത്യാധുനിക സ്ട്രോക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പി. ശ്യാമള യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ രാജേഷ് സി.പി., എമർജൻസി നമ്പർ 6282901900 പ്രകാശനം ചെയ്തു.


ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രോക്ക് യൂണിറ്റിൽ പരിചയസമ്പന്നരായ ന്യൂറോളജിസ്റ്റുകൾ, സ്ട്രോക്ക് കെയറിൽ പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാർ, എമർജൻസി കെയർ എന്നീ സേവനങ്ങൾ ലഭ്യമാണ്.


പയ്യന്നൂരിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ദീർഘദൂര യാത്ര ഒഴിവാക്കി, സ്വന്തം നാട്ടിൽത്തന്നെ മികച്ച അത്യാഹിത ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചതെന്നു കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് ക്ലസ്റ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിരൂപ് മുണ്ടയാടൻ പറഞ്ഞു.

ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, കാഴ്ച മങ്ങുക, കണ്ണ് ഒരു വശത്തേക്ക് ചരിഞ്ഞുപോവുക, മുഖം ഒരു വശത്തേക്ക് കോടിപ്പോവുക, കൈകാലുകൾക്ക് തളർച്ച അനുഭവപ്പെടുക, സംസാരത്തിന് കുഴച്ചിൽ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ  ശ്രദ്ധയിൽപെട്ടാലുടൻ രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് ന്യൂറോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ദിലീപ് കൃഷ്ണനും ഡോ. സന്തോഷ് പി.എസും അറിയിച്ചു. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആദ്യ മണിക്കൂറുകളിൽത്തന്നെ ശരിയായ ചികിത്സ നൽകിയാൽ രോഗിയെ ജീവിതത്തിലേക്ക് പൂർണ്ണ ആരോഗ്യത്തോടെ തിരികെ കൊണ്ടുവരാൻ സാധിക്കും എന്നും കൂട്ടിച്ചേർത്തു.

പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പി. ശ്യാമള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ രാജേഷ് സി.പി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ ക്ലസ്റ്റർ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ, ന്യൂറോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. സന്തോഷ് പി.എസ്, ഡോ. ദിലീപ് കൃഷ്ണൻ, മെഡിക്കൽ സർവീസസ് ഡെപ്യൂട്ടി ചീഫ് ഡോ. രാജീവ് റാം, ഓപ്പറേഷൻസ് ജനറൽ മാനേജർ സൂരജ് തോമസ് എന്നിവർ സംസാരിച്ചു.



Sharing is Caring