ചെന്നൈയെ ഞെട്ടിച്ച ബാങ്ക് കൊള്ള കേസില്‍ മുഖ്യആസൂത്രകനായ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

ചെന്നൈ : ചെന്നൈ അരുമ്ബാക്കത്തെ ഫെഡ് ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യസൂത്രധാരനും ബാങ്ക് ജീവനക്കാരനുമായ മുരുകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

മുരുകന്‍്റെ സഹായികളായ ബാലാജി,ശക്തിവേല്‍, സന്തോഷ്‌എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചെന്നൈ നഗരത്തില്‍ നിന്നു തന്നെയാണ് ഇവരെ പിടികൂടിയത്.

സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ജസ്‍വാള്‍ പറഞ്ഞു. ചെന്നൈ നഗരത്തിലെ തിരുമംഗലത്ത് നിന്നാണ് മുരുകന്‍ പിടിയിലായത്. കൊള്ളയടിച്ച 32 കിലോഗ്രാം സ്വര്‍ണം വീതം വച്ചശേഷം സംഘം പലവഴിക്ക് പിരിയുകയായിരുന്നു. എന്നാല്‍ ഇവരില്‍ പലരും ചെന്നൈയില്‍ തന്നെ തിരികെയെത്തി. മറ്റൊരു ജില്ലയില്‍ നിന്ന് ചെന്നൈയില്‍ തിരികെയെത്തിയ ഉടന്‍ മുരുകനെ പിടികൂടുകയായിരുന്നുവെന്ന് ശങ്കര്‍ ജസ്‍വാള്‍ പറഞ്ഞു.

കവര്‍ച്ചാ ശ്രമത്തില്‍ പങ്കാളിയായ സൂര്യന്‍ എന്നയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചെന്നൈയില്‍ തിരുവള്ളൂര്‍ മേഖലയില്‍ നിന്നാണ് പ്രതികളെല്ലാം പിടിയിലായിട്ടുള്ളത് ഈ സാഹചര്യത്തെ അന്വേഷണസംഘം രണ്ട് ടീമായി പിരിഞ്ഞ് ഈ മേഖലയില്‍ പരിശോധനയും തെരച്ചിലും തുടരുകയാണ് ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ട 32 കിലോ സ്വര്‍ണത്തില്‍ 18 കിലോ പിടിയിലായ പ്രതികളില്‍ നിന്നും വീണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ നഗരഹൃദയത്തില്‍ അണ്ണാ നഗറിനടുത്ത് അരുംപാക്കത്ത് ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തില്‍ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നല്‍കി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച്‌ ബാങ്കില്‍ കടന്നു.

മാനേജരേയും ബാങ്കിലുണ്ടായിരുന്ന മറ്റ് ആറ് ജീവനക്കാരേയും കത്തി കാട്ടി ഭയപ്പെടുത്തി കെട്ടിയിട്ടായിരുന്നു ബാങ്ക് കൊള്ളയടിച്ചത്. സ്വര്‍ണപ്പണയമടക്കം പണമിടപാടുകള്‍ നടത്തുന്ന നടത്തുന്ന ഫെഡറല്‍ ബാങ്കിന്‍റെ ഉപ സ്ഥാപനമാണ് ഫെഡ് ബാങ്ക്. പണയസ്വര്‍ണം സൂക്ഷിക്കുന്ന സേഫ് ലോക്കറുകളെപ്പറ്റി അറിവുണ്ടായിരുന്ന ജീവനക്കാരന്‍റെ സഹായത്തോടെ 20 കോടി രൂപയുടെയെങ്കിലും കവര്‍ച്ച നടന്നിട്ടുണ്ടെന്നാണ് ആദ്യ നിഗമനം.

ഫോറന്‍സിക് വിദഗ്ധരെത്തി വിരലടയാളവും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. അണ്ണാ നഗര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ നാല് സംഘങ്ങള്‍ രൂപീകരിച്ച്‌ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. നഗരത്തിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് ദ്രുതഗതിയില്‍ അന്വേഷണം പുരോഗമിക്കുന്നത്. കവര്‍ച്ചാ സംഘത്തില്‍ ഒരാള്‍ ബാങ്കിലെ കരാര്‍ ജീവനക്കാരനായ മുരുകനാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം വഴിമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *