വിവാദ ഉത്തരവിറക്കിയ ബംഗ്ലാദേശ് വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്നൊഴിവാക്കി

72 മണിക്കൂറിനുശേഷം പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന വിവാദ ഉത്തരവിറക്കിയ ബംഗ്ലാദേശ് വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്നൊഴിവാക്കിയതായി റിപ്പോര്‍ട്ട്. ജഡ്ജി ബീഗം മൊസമ്മത് കമറുന്നാഹര്‍ നഹറിനെയാണ് സുപ്രിംകോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്. ജുഡീഷ്യല്‍ അധികാരങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കാനും നിലവിലെ ചുമതലകളില്‍ നിന്ന് പിന്‍വലിക്കാനും കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രിം കോടതി അയച്ച കത്തില്‍ പറയുന്നു.

മുതിര്‍ന്ന ജഡ്ജിമാരുടെ നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടിയെടുത്തുകൊണ്ടുള്ള തീരുമാനം. നിയമപരിപാലന സംവിധാനത്തിനെതിരായാണ് ജഡ്ജിയുടെ പ്രസ്താവനകളെന്ന് നടപടിക്കുപിന്നാലെ സുപ്രിംകോടതി വ്യക്തമാക്കി. വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

2017ല്‍ ധാക്കയിലെ ഒരു ബലാത്സംഗ കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ജഡ്ജി വിവാദ പ്രസ്താവന നടത്തിയത്. കേസില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി പ്രതികളെ വെറുതെ വിട്ടിരുന്നു. കേസ് അന്വേഷിച്ച പൊലീസ് പൊതുജനത്തിന്റെ സമയം നഷ്ടപ്പെടുത്തിയെന്നും 72 മണിക്കൂറിനുശേഷം പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കേസില്‍ പീഡനത്തിന് ഇരയാക്കപ്പെട്ടവരുടെ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണ് ബലാത്സംഗമെന്ന പേരില്‍ പരാതിയായി എത്തിയതെന്നും ജഡ്ജി പൊലീസിനെ കുറ്റപ്പെടുത്തിക്കൊണ്ട് നിരീക്ഷിച്ചിരുന്നു. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ അടക്കം ജഡ്ജിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *