സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികൾ

സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളെന്ന് സർക്കാർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 744 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ വ്യക്തമാക്കുന്നു. 18 പേരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.

ഗുരുതര കുറ്റകൃത്യങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരെപ്പോലും സംരക്ഷിക്കുന്ന രീതി സേനയിൽ വ്യാപകമാവുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇങ്ങനെയൊരു കണക്ക് പുറത്തുവരുന്നത്. നിയമസഭയിൽ എംഎൽഎ കെകെ രമയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർത്തിയത്. ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് മറുപടി നൽകി. ആലുവ സിഐ അടക്കമുള്ള ഉദ്യോഗസ്ഥർ പലതവണ കൃത്യവിലോപം നടത്തിയിട്ടും സ്ഥലം മാറ്റം പോലെ നിസാര നടപടികളാണ് ഇവർക്കെതിരെ സ്വീകരിച്ചത്.

അതേസമയം, ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം സിഐ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് പറയുന്നു.

അല്പസമയത്തിനകം റൂറൽ എസ്പി ഓഫീസിലേക്ക് കോൺഗ്രസ് ബഹുജന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മോഫിയയുടെ മാതാവ് സമര സ്ഥലത്ത് എത്തി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് ഇത് സാക്ഷ്യം വഹിച്ചത്. എൻ്റെ മകൾ ഈ പൊലീസ് ഉദ്യോഗസ്ഥനെ കാണാൻ വന്നത് പ്രതീക്ഷയോടെയാണ്. പക്ഷേ, കേൾക്കേണ്ടി വന്നത് മറ്റൊന്നാണ്. അതിൻ്റെ മാനസിക വിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് മോഫിയയുടെ മാതാവ് പറഞ്ഞതായി ബെന്നി ബെഹനാൻ പറഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *