56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

വിമാന അപകടത്തിൽ മരിച്ച് 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും.

ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം.1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരക്കിലായിരുന്നു ഇത്. തോമസ് ചെറിയാനെ കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് പ്രായം.

1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ഇദ്ദേഹത്തിന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണായിരുന്നു അപകടമുണ്ടായത്.

വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമായിരുന്നു കണ്ടെത്തിയത്.2019 ലും 5 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. ഇതിൽ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

നാലാമത്തെ മൃതദ്ദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന കിട്ടി. അതേസമയം 1968ലെ വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *