ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ച യുവാവിന് തടവുശിക്ഷ വിധിച്ച്‌ കോടതി. നാല് മാസത്തേക്കാണ് യുവാവിന് ശിക്ഷ വിധിച്ചത്.
28കാരനായ ഡാമിയന്‍ താരേല്‍ എന്നയാളായിരുന്നു പൊതുപരിപാടിക്കിടെ മാക്രോണിന്റെ മുഖത്തടിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. മാക്രോണിന് അടിയേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബി.എഫ്. എം. ന്യൂസ് ചാനലാണ് പുറത്തുവിട്ടത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പര്യടനത്തിനിടെ തന്നെ കാണാനെത്തിയ കാണികളോട് സംസാരിക്കുകയായിരുന്നു മാക്രോണ്‍. ഇതിനിടെ കാഴ്ചക്കാരുടെ കൂട്ടത്തില്‍ നിന്നും ഡാമിയന്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്യാനെത്തുകയും തുടര്‍ന്ന് മുഖത്തടിക്കുകയുമായിരുന്നു.ഉടന്‍ തന്നെ മാക്രോണിന്റെ അംഗരക്ഷകര്‍ ഡാമിയനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഡ്രോം പ്രദേശത്തെ തെയ്ന്‍ ഇല്‍ ഹെര്‍മിറ്റേജ് ഗ്രാമത്തിലാണ് സംഭവം നടന്നത്. മാക്രോണിന് നേരെ നടന്ന ആക്രമണം ഏറ്റവും വലിയ സുരക്ഷാ വീഴ്ചയെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്.

2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പര്യടനമായിരുന്നു മാക്രോണിന്റേത്. ഇതിന്റെ ഭാഗമായാണ് ഫ്രാന്‍സിലെ തെക്കു കിഴക്കന്‍ പ്രവിശ്യകളിലെ സന്ദര്‍ശനം.ഡ്രോമില്‍ വിദ്യാര്‍ത്ഥികളുമായും റെസ്റ്റോറന്റ് ഉടമകളുമായും കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു മാക്രോണ്‍.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *