അരക്കോടിക്ക് പുറമേ, കെ.എം ഷാജിയുടെ വീട്ടിൽ വിദേശ കറന്‍സിയും 50 പവനും

വിജിലൻസ് റെയ്ഡിൽ കെ.എം ഷാജിയുടെ വീട്ടിൽ നിന്നും വിദേശ കറൻസിയും കണ്ടെത്തി. 50 പവൻ സ്വർണവും 72 രേഖകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില രേഖകളും പരിശോധനയിൽ കണ്ടെത്തി. റെയ്ഡിൽ കണ്ടെടുത്ത രേഖകൾ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് കോടതിയെ അറിയിക്കും.

ഇന്നലെ നടന്ന വിജിലൻസ് റെയ്ഡിൽ കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് അരക്കോടി രൂപ കണ്ടെത്തിയിരുന്നു. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിജിലൻസ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കിയിട്ടുണ്ട്.

വിജിലൻസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ പകപോക്കുകയാണെന്നായിരുന്നു കെ. എം ഷാജിയുടെ പ്രതികരണം. വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു ദിവസം അവധിയായതിനാൽ പണം ബാങ്കിൽ അടക്കാനായില്ല. സ്ഥാനാർത്ഥിയായതിനാൽ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലൻസ് പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്. എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്തുതടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടിൽ സൂക്ഷിച്ചത്. ഇതിന്‍റെ രേഖ ഏത് അന്വേഷണ ഏജൻസിക്ക് മുമ്പിലും ഹാജരാക്കാൻ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ലെന്നും കെ. എം ഷാജി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *