സർക്കാർ ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിൽ കമ്പ്യൂട്ടർ ബാബ അറസ്റ്റിൽ

സർക്കാർ ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിൽ മുൻ മന്ത്രിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ കമ്പ്യൂട്ടർ ബാബ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് കമ്പ്യൂട്ടർ ബാബയെന്ന നം​ദേവ് ത്യാ​ഗിയുടെ (54) നേതൃത്വത്തിൽ സർക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.നവംബർ ഒമ്പതിന് അനധികൃതമെന്ന് ആരോപിച്ച് ത്യാഗിയുടെ ആശ്രമം മധ്യപ്രദേശ് സർക്കാർ പൊളിച്ചുമാറ്റിയിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ത്യാഗി ഉൾപ്പെടെ ആറു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ത്യാഗിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തതായും ഇൻഡോർ അഡീഷണൽ എസ്.പി പ്രശാന്ത് ചൗബെ അറിയിച്ചു. 40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ഇതില്‍ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കയ്യേറ്റവും നിര്‍മാണവും നടത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റിയതെന്നാണ് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് (എഡിഎം) അജയ് ദേവ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞത്.ഇയാളുടെ സ്വത്ത് വിവരങ്ങളും പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം കമ്പ്യൂട്ടർ ബാബയ്‌ക്കെതിരായ നടപടിയെ കോൺഗ്രസ് അപലപിച്ചു. കമ്പ്യൂട്ടർ ബാബക്കെതിരെ ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി പക പോക്കുകയാണെന്ന് ദിഗ്‌വിജയ സിംഗ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ജിത്തു പട്വാരിയുടെ നേതൃത്വത്തിലുള്ള സംഘം ജയിലില്‍ കമ്പ്യൂട്ടർ ബാബയെ സന്ദർശിച്ചു.

2018 ലെ ബി.ജെ.പി മന്ത്രിസഭയിൽ അം​ഗമായിരുന്നു കമ്പ്യൂട്ടർ ബാബ. പിന്നീട് ഇയാളെ ശിവരാജ് സിം​ഗ് ചൗഹാൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *