സ്ത്രീകള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സഹായമെത്തിക്കാന്‍ വനിതാ ശിശുവികസനവകുപ്പ്

കോഴിക്കോട്: പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് 48 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കാൻ വനിതാ ശിശുവികസനവകുപ്പ്. മാനസിക പിന്തുണ ഉറപ്പാക്കിയുള്ള കൗൺസലിങ്ങിന് പുറമെ നിയമസഹായവും പോലീസിന്റെ സേവനവും ഉറപ്പാക്കുകയാണ് ‘കാതോർത്ത്’ പദ്ധതിയിലൂടെ.

കോഴിക്കോട് ജില്ലയിൽ ഇതുവരെ കാതോർത്ത് പദ്ധതിയിലൂടെ ഒൻപത് പരാതികളാണ് ലഭിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പരാതിയിൽ നിയമസഹായവും ഒരെണ്ണത്തിൽ പോലീസ് സഹായവും നൽകി. ശേഷിക്കുന്ന പരാതികളിൽ കൗൺസലിങ് നൽകുകയാണ് ചെയ്തത്.

ഓൺലൈനായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാശിശുവികസന വകുപ്പ് മഹിളാശക്തികേന്ദ്രപദ്ധതിക്ക് കീഴിൽ ജില്ലാതലത്തിൽ പ്രത്യേക സംവിധാനം (ഡിസ്ട്രിക്ട് ലെവൽ സെന്റർ ഫോർ വുമൺ) തുടങ്ങിയിട്ടുണ്ട്. സേവനം ആവശ്യമുള്ളവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ ഏത് വിധത്തിലുള്ള സേവനമാണോ വേണ്ടത് അത് ഉറപ്പാക്കുകയും ചെയ്യും. പരാതിക്കാരിക്ക് ഓൺലൈനിൽ നിശ്ചിതമേഖലയിലുള്ളവരെ ബന്ധപ്പെടാൻ സമയം അനുവദിച്ച് നൽകും.

ലീഗൽ-സൈക്കോളജിക്കൽ കൗൺസലേഴ്സ്, സൈക്കോളജിസ്റ്റ് എന്നിവരും പോലീസ് സേവനത്തിന് വനിതാസെല്ലിലെ ഉദ്യോഗസ്ഥയുമാണ് ഉണ്ടാവുക. kathorth.wcd.kerala.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

കോവിഡ് കാലത്ത് പലതരത്തിലുള്ള സഹായംതേടി സ്ത്രീകൾ ബുദ്ധിമുട്ടുന്നത് ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. ”സ്ത്രീകൾക്ക് കൃത്യസമയത്ത് സേവനം ഉറപ്പാക്കാൻ പദ്ധതിയിലൂടെ കഴിയും. ജില്ലയിൽ ഇതുവരെ ലഭിച്ച പരാതികളിൽ അത്തരം ഇടപെടലുകളാണ് നടത്തിയത്”- മഹിളാശക്തികേന്ദ്ര ജില്ലാ വനിതാക്ഷേമ ഓഫീസർ ജോയിസ് ജോസഫ് പറഞ്ഞു.

രക്ഷാദൂതും പൊൻവാക്കും

സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി രക്ഷാദൂത്, പൊൻവാക്ക് പദ്ധതികൾ കൂടി ഉണ്ട്. ഗാർഹിക പീഡനത്തിൽനിന്ന് വനിതകളെ സംരക്ഷിക്കാൻ തപാൽ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് രക്ഷാദൂത്. തപാൽപ്പെട്ടിയിൽ പരാതിക്കാരിയുടെ മേൽവിലാസം സഹിതം ‘തപാൽ’ എന്നെഴുതി നിക്ഷേപിച്ചാൽ പോസ്റ്റോഫീസ് അധികൃതർ മുഖേന വനിതാശിശുവികസന വകുപ്പ് പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കും.

ശൈശവവിവാഹം തടയുകയാണ് പൊൻവാക്കിന്റെ ലക്ഷ്യം. ശൈശവവിവാഹം ശ്രദ്ധയിൽപ്പെട്ടാൽ ponvakkukkd@gmail.com എന്ന മെയിലിൽ അറിയിച്ചാൽ മതി. വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികവും ഉണ്ട്. നിലവിൽ ഇത്തരം കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോൺ: 9400677600.

Spread the love

Leave a Reply

Your email address will not be published. Required fields are marked *