സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ്; മുഴുവൻ ജില്ലകളിലും 20നുമുകളിൽ പോസിറ്റിവിറ്റി നിരക്ക്

ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണമേർപ്പെടുത്തിയേക്കും; സംസ്ഥാനത്ത് പിടികിട്ടാതെ കുതിച്ചുയരുകയാണ് കോവിഡ്. ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. അതേസമയം സംസ്ഥാനത്തെ ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ചു. അനുദിനം രൂക്ഷമാകുകയാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യം. ഇന്നലെ 38,607 പേർ രോഗികളായി. 100 പേരെ പരിശോധിക്കുമ്പോൾ 25 പേരും പോസിറ്റീവാകുന്നുണ്ട്. 2,84,086 പേരാണ് ആകെ ചികിത്സയിലുള്ളത്. എല്ലാ ജില്ലകളിലും അതിവേഗമാണ് രോഗവ്യാപനം. 20 ശതമാനത്തിന് മുകളിലാണ് ടിപിആർ. പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിനോടടുക്കുകയാണ്. അടുത്ത ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണമേർപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് ഉണ്ടാകാനിടയുണ്ട്. Read Also സൗദിയിൽ കോവിഡ് ചികിത്സയിലിരിക്കെ മലയാളി മരിച്ചു എറണാകുളത്തും കോഴിക്കോട്ടും സ്ഥിതി അതീവഗുരുതരമാണ്. തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ മുവ്വായിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ. രണ്ടാം തരംഗത്തിൽ മരണനിരക്കും ഉയരുന്നുണ്ട്. ഇന്നലെ മാത്രം കോവിഡ് മൂലം 48 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പ്രതിദിന കേസ് 50,000ലേക്ക് എത്തുമെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പിനുള്ളത്. അതേസമയം, സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ നിരക്ക്. പരിശോധനാ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നതിനെ തുടർന്നാണ് നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *