വൈകാതെ വാക്‌സിന്‍ സ്വീകരിക്കും, അടിയന്തരഘട്ടങ്ങളില്‍ അലോപ്പതി മെച്ചം; മലക്കം മറിഞ്ഞ് രാംദേവ്

ദെഹ്റാദൂൺ: അധികം താമസിയാതെ താൻ കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് യോഗഗുരു രാംദേവ്. കൂടാതെ, ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടർമാരെന്നും രാംദേവ് പ്രസ്താവിച്ചു. ഹരിദ്വാറിൽ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് യോഗയുടേയും ആയുർവേദത്തിന്റേയും സംരക്ഷണം ഉള്ളതിനാൽ കോവിഡ് വാക്സിന്റെ ആവശ്യമില്ലെന്ന തന്റെ മുൻ വാദത്തിൽ നിന്ന് പാടെ മലക്കം മറിഞ്ഞു കൊണ്ട് രാംദേവിന്റെ പുതിയ പ്രസ്താവന.

രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരർക്കും ജൂൺ 21 മുതൽ വാക്സിൻ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവെയ്പെന്ന് രാംദേവ് വിശേഷിപ്പിക്കുകയും വാക്സിൻ സ്വീകരിക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും ഒപ്പം യോഗയും ആയുർവേദവും പിന്തുടർന്ന് എല്ലാവരും ഇരട്ടസുരക്ഷിതത്വം നേടണമെന്നും രാംദേവ് പറഞ്ഞു. ഇവ സംയുക്തമായി ഉറപ്പുനൽകുന്ന ശക്തമായ കവചത്തിന്റെ സുരക്ഷയിൽ ഒറ്റയാൾ പോലും കോവിഡ് മൂലം മരിക്കാനിടവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്രയും പെട്ടെന്ന് താൻ വാക്സിൻ സ്വീകരിക്കുമെന്ന് രാംദേവ് വ്യക്തമാക്കി. നല്ല അലോപ്പതി ഡോക്ടർമാർ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളാണെന്നും രാംദേവ് പ്രശംസ ചൊരിഞ്ഞു. തനിക്ക് ഒരു സ്ഥാപനവുമായി ശത്രുതയില്ലെന്ന് രാംദേവ് വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള തർക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മരുന്നുകളുടെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ മാത്രമാണ് തനിക്ക് എതിർപ്പെന്നും രാംദേവ് പറഞ്ഞു.

പല ഡോക്ടർമാരും വിലകൂടിയ മരുന്നുകൾ രോഗികൾക്ക് നിർദേശിക്കുന്നതിനാൽ ജനങ്ങൾക്ക് മരുന്നുകൾ വിലകുറച്ച് ലഭ്യമാക്കാൻ പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ എല്ലായിടത്തും ആരംഭിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. മനുഷ്യരായതിനാൽ ഡോക്ടർമാരും തെറ്റ് ചെയ്യാനിടയാകുമെന്നും യോഗഗുരു കൂട്ടിച്ചേർത്തു. അടിയന്തര ചികിത്സാഘട്ടങ്ങളിലും ശസ്ത്രക്രിയാഘട്ടങ്ങളിലും അലോപ്പതിയാണ് ഏറ്റവും അഭികാമ്യമെന്നും അതിൽ രണ്ടഭിപ്രായത്തിന്റെ ആവശ്യകത ഉദിക്കുന്നില്ലെന്നും രാംദേവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *