വെട്ടിലായി യുഡിഎഫ്

യുഡിഎഫിന്‍റെ ജാഥാ സ്വീകരണ വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തിയ കെ സുധാകരന്‍ എംപിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ട് തട്ടില്‍ സുധാകരനെ തള്ളാനും കൊള്ളാനും വയ്യാതെ യുഡിഎഫും വെട്ടിലായിരിക്കുകയാണ്. കെ സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല ആദ്യം രംഗത്തെത്തിയിരുന്നു.

എന്നാല്‍ കെ സുധാകരന്‍ ഇതിനോട് രൂക്ഷമായി പ്രതികരിക്കുകയും പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തിയില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടിവരും എന്നുള്‍പ്പെടെ പ്രതികരിച്ചതോടെ ചെന്നിത്തല സ്വന്തം നിലപാടില്‍ മലക്കം മറിഞ്ഞു. കെ സുധാകരന്‍ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല കെ സുധാകരന്‍ കോണ്‍ഗ്രസിന്‍റെ സമ്പത്താണെന്നും പ്രതികരിച്ചുചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനെ അനുകൂലിച്ച് രംഗത്തെത്തി. കെ സുധാകരന്‍റെ പ്രസ്താവന തന്‍റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നും കെ സുധാകരന്‍ അങ്ങനെ പ്രതികരിക്കുന്നയാള്‍ അല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

എന്നാല്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കെ സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. കെ സുധാകരന്‍റെ പ്രസ്ഥാവന ഒ‍ഴിവാക്കേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചേര്‍ന്നതല്ലെന്നുമാണ് ഇരുവരും പ്രതികരിച്ചത്.

അതേ സമയം ഉമ്മന്‍ചാണ്ടി വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒ‍ഴിഞ്ഞുമാറുകയും ചെയ്തു. ലീഗ് നേതാക്കളും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ സുധാകരന്‍റെ പ്രസ്ഥാവനയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നത് ഇതോടെ കെ സുധാകരനെ തള്ളാനും കൊള്ളാനും ക‍ഴിയാത്ത അവസ്ഥയിലാണ് യുഡിഎഫും കോണ്‍ഗ്രസും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *