വീണ്ടും ജര്‍മന്‍ ‘സെവനപ്പ്’; ഇക്കുറി ഇരയായത് ലാത്വിയ, പക്ഷേ ‘പൊങ്കാല’ മുഴുവന്‍ ബ്രസീലിന്

2014 ലോകകപ്പ് ഫുട്‌ബോള്‍ സെമിഫൈനല്‍ ബ്രസീല്‍ ആരാധകര്‍ ഫുട്‌ബോള്‍ ഉള്ള കാലത്തോളം മറക്കില്ല. സ്വന്തം കാണികളുടെ മുന്നില്‍ വച്ച് അന്ന് ജര്‍മന്‍ പട 7-1 എന്ന സ്‌കോറിനാണ് ബ്രസീലിനെ നാണംകെടുത്തിയത്.

ഇപ്പോള്‍ വീണ്ടും അതേപോലൊരു പ്രകടനം ആവര്‍ത്തിച്ചിരിക്കുകയാണ് ജര്‍മനി. 2021 യൂറോ കപ്പിനുള്ള മുന്നൊരുക്കമെന്നോണം ലാത്വിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ് ജര്‍മനി വീണ്ടും ‘സെവനപ്പ്’ കുടിച്ചത്.

ഇന്നലെ നടന്ന മത്സരത്തില്‍ ജര്‍മനിക്കു വേണ്ടി ആറു താരങ്ങളാണ് സ്‌കോര്‍ ചെയ്തത്. ഒരു സെല്‍ഫ് ഗോള്‍ കൂടി വഴങ്ങിയ ലാത്വിയ നാണക്കേടിന്റെ കൊടുമുടി കയറുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അഞ്ചു തവണ ജര്‍മനി ലാത്വിയയുടെ വലകുലുക്കിയിരുന്നു.

19-ാം മിനിറ്റില്‍ റോബിന്‍ ഗോസന്‍സാണ് ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്. ഇല്‍കെയ് ഗുണ്ടോഗന്‍(21), തോമസ് മുള്ളര്‍(27), സെര്‍ജി ഗ്നാബ്രി(45), തിമോ വെര്‍ണര്‍(50), ലിറോയ് സാനെ(76) എന്നിവരായിരുന്നു ജര്‍മനിയുടെ സ്‌കോറര്‍മാര്‍.

39-ാം മിനിറ്റില്‍ ലാത്വിയന്‍ താരം റോബര്‍ട്‌സ് ഓസോള്‍സാണ് സെല്‍ഫ് ഗോളിലൂടെ ജര്‍മനിയ്ക്കായി മറ്റൊരു ഗോള്‍ സ്‌കോര്‍ ചെയ്തത്. 75-ാം മിനിറ്റില്‍ അലക്‌സെസ് സാവെലി ലാത്വിയയുടെ ആശ്വാസ ഗോള്‍ നേടി.

ലാത്വിയയ്‌ക്കെതിരായ ജര്‍മനിയുടെ ഈ ജയം സോഷ്യല്‍ മീഡിയയില്‍ ബ്രസീലിനുള്ള പൊങ്കാലയായി മാറി. ‘ലാത്വിയയെ ബ്രസീലാക്കി ജര്‍മനി’ എന്ന തലക്കെട്ടില്‍ നിരവധി പരിഹാസ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

2014-ല്‍ ബൊലെ ഹൊറിസോണ്ടോയില്‍ നടന്ന ലോകകപ്പ് സെമിയില്‍ ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ ജര്‍മനി ബ്രസീല്‍ വലയില്‍ അഞ്ചു ഗോളുകള്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി സ്‌കോര്‍ ചെയ്ത ജര്‍മന്‍കാര്‍ ബ്രസീലിനെ കൂട്ടക്കശാപ്പ് നടത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *