വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; അ൪ണബിന് ഡൽഹി കോടതിയുടെ നോട്ടീസ്

മാനനഷ്ട കേസിൽ അ൪ണബ് ഗോസ്വാമിക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. പോപ്പുലർ ഫ്രണ്ട് നൽകിയ ഹരജിയിലാണ് ഗോസ്വാമിക്ക് നോട്ടീസ് ലഭിച്ചത്.

ഭരണകൂടത്തിനെതിരെ അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് റിപബ്ലിക് ടിവി വ്യാജ വീഡിയോ കാണിച്ചതിനെതിരെ പി.എഫ്.ഐ പി.ആർ ഡയറക്ടർ ഡോ. എം ശമൂൻ ആണ് കോടതിയെ സമീപിച്ചത്. എഡിറ്റഡ് വീഡിയോ കാണിച്ച് താൻ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും ഭരണകൂട സ്ഥാപനങ്ങൾക്കെതിരെ അതിക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിച്ചതായും അർണബ് ചാനലിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം.

പൗരത്വ വിരുദ്ധ സമരത്തിനിടെ, ​ഗവേഷക വിദ്യാർഥിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ അക്രമാസക്തമായ സമരം നയിക്കേണ്ടതിനെ കുറിച്ച് തന്നോട് സംസാരിച്ചെന്നും എന്നാൽ താൻ ജനാധിപത്യ മാർ​ഗത്തിലൂടെയുള്ള സമര മാർ​ഗത്തെ കുറിച്ച് അയാളെ തിരിച്ച് ബോധിപ്പിച്ചെന്നും ശമൂൻ പറഞ്ഞു. എന്നാൽ ചാനലിൽ സ്റ്റിങ് ഓപ്പറേഷൻ എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോ എ‍ഡിറ്റ് ചെയ്തതും തെറ്റിധരിപ്പിക്കുന്നതാണെന്നും പറഞ്ഞു.

വീഡിയോ പുറത്ത് വന്നത് മാനനഷ്ടത്തിന് ഇടയാക്കി. നിരവധി സുഹൃത്തുക്കള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വിളിച്ച് അതൃപ്തി അറിയിച്ചു. തൊഴില്‍ സംബന്ധമായും നിരവധി ബുദ്ധിമുട്ടുകളുണ്ടായെന്നും ഡോക്ടര്‍ ശമൂന്‍ പറഞ്ഞു.

മെയ് ഇരുപത്തിയൊന്നിന് ഹരജി വീണ്ടും പരിഗണിക്കും. സാകേത് അഡീഷണൽ സിവിൽ ജഡ്ജി ഗഗൻദീപ് ജിന്ദാലാണ് കേസ് പരിഗണിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *